നൂതനകൃഷി രീതി പഠിക്കാൻ ഇസ്രായേക്ക് പോയസംഘത്തിൽപ്പെട്ട കർഷകൻ ബിജു കുര്യൻ തിങ്കളാഴ്‌ച നാട്ടിൽ തിരിച്ചെത്തി. കരിപ്പുർ എയർപോർട്ടിൽ പുലർച്ചെ 4.30 ന് ഗൾഫ് എയറിനാണ് ബിജു എത്തിയത്. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.
‘സംഘത്തോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാഞ്ഞത്. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം ഉണ്ടായി. സ്വമേധയാ തന്നെ മടങ്ങിയതാണ്’, ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ചു വന്നില്ലെന്നും ബിജു പ്രതികരിച്ചു.
പ്രതികാര നടപടിയുണ്ടാകില്ലെന്നും എന്താണ് സംഭവിച്ചതെന്ന് ബിജു പറയണമെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ടെൽ അവീവിൽനിന്ന് ബിജു, സഹോദരൻ ബെന്നി കുര്യനെ വിളിച്ച് നാട്ടിലേക്ക് പുറപ്പെടുകയാണ് അറിയിച്ചിരുന്നു. തുടർന്ന് ബെന്നി മന്ത്രിയെ ബന്ധപ്പെടുകയും പ്രതികാര നടപടിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
ഇസ്രായേൽ സന്ദർശിക്കാൻ പോയ കർഷകരുടെ സംഘത്തിൽ നിന്നും ബിജുവിനെ കാണാതായത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ബിജു സംഘത്തിൽ നിന്നും മുങ്ങിയതാണ് എന്ന നിലയിലെല്ലാം വാർത്തകൾ ഉണ്ടായിരുന്നു. കർഷകരുടെ സംഘം ബിജുവിനെ കൂടാതെ കേരളത്തിൽ തിരിച്ചെത്തിയതോടെ ബിജുവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനായിരുന്നു ബിജു സംഘത്തിൽ നിന്നും വിട്ടുപോയതെന്നാണ് പുറത്ത് വരുന്നവിവരം.
ജെറുസലേമും ബെത്‌ലഹേമും സന്ദർശിച്ച് കർഷക സംഘത്തിനൊപ്പം മടങ്ങാനായിരുന്നു ബിജുവിന്റെ പദ്ധതി. മടങ്ങിയെത്തും മുമ്പ് കൃഷി വകുപ്പ് സെക്രട്ടറി ബി അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രായേൽ വിട്ടതോടെ ബിജു കുടുങ്ങിയെന്നാണ് റിപ്പോർട്ട്. ബിജു കുര്യനെ ഫെബ്രുവരി 16ന് രാത്രിയിലാണ് കാണാതായത്. ഇതിനിടെ താൻ ഇസ്രായേലിൽ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങൾക്ക് വാട്‌സ്ആപ്പിൽ മെസേജ് അയച്ചിരുന്നു.