പേരാവൂർ: മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തിനെത്തി ഭക്ഷ്യ വിഷബാധയേറ്റവരുടെ എണ്ണം കൂടുന്നു. ഇതുവരെയായി ഇരുന്നൂറിലേറെ പേർ ചികിത്സ തേടിയതയാണ് വിവരം.
അതേ സമയം ഉത്സവ നഗരിയിൽനിന്നും ഐസ്ക്രീം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന പ്രാഥമിക നിഗമനം ശരിയല്ലെന്നും കിണർ വെള്ളത്തിലൂടെയാകാം വിഷബാധയുണ്ടായതെന്നും ആരോഗ്യ വകുപ്പ് സംശയിക്കുന്നു.
ഐസ്ക്രീം കഴിക്കാത്തവർക്കും വിഷബാധയേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇത്തരമൊരു സംശയം ഉയർന്നത്. ഇതേത്തുടർന്ന് കിണർ വെള്ളത്തിന്റെ സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കണിച്ചാർ പഞ്ചായത്തിലെ 110 ഉം പേരാവൂർ പഞ്ചായത്തിലെ 95 പേരുമാണ് ഇതുവരെ ആശുപത്രികളിലെത്തി ചികിത്സ തേടിയത്. നിരവധിയാളുകൾ സ്വയം ചികിത്സയും നടത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. ഗുരുതരമായി വിഷബാധയേറ്റ ആറ്റാഞ്ചേരിയിലെ മണ്ണാർകുന്നേൽ രാജേഷിന്റെ മകൾ ദേവാനികയെ (ആറ്) കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും തിറയുത്സവം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രം അധികൃതരിൽനിന്നും വിശദവിവരം ശേഖരിക്കുകയും ഭക്ഷണപ്പുരയും കിണറും പരിശോധിക്കുകയും ചെയ്തു.
ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ പി.ഷോണിമ, യു.ജിതിൻ, ജീവനക്കാരായ കെ.വി.സുരേഷ്കുമാർ, കെ.കെ.വിനീഷ്, ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് സി.ജെ.ചാക്കോ, എപ്പിഡമോളിസ്റ്റ് ജി.എസ്.അഭിഷേക് എന്നിവരാണ് പരിശോധന നടത്തിയത്.
കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ടി.റീന, ജെഎച്ച്ഐമാരായ പി. ഷൈനേഷ്, എം.വി.നവീന,ആശാവർക്കർമാരായ ഷീബ തോമസ്,സുരേഖ സജി എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.