കൊല്ലം ∙ മുഖ്യമന്ത്രി കൊല്ലത്ത് എത്തിയ ഇന്നലെ അഷ്ടമുടിക്കായലിനു നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാൻ ആലപ്പുഴയിൽ നിന്നെത്തിയ യുവാക്കൾ കറുപ്പ് ഷർട്ട് ഇട്ടതിന്റെ പേരിൽ 8 മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ.
ആലപ്പുഴ അരൂർ സ്വദേശികളായ ഫൈസൽ (18), അമ്പാടി (19) എന്നിവരാണു രാവിലെ 10 മണിയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനു പുറത്തിറങ്ങി കടയിൽ നിന്നു വെള്ളം വാങ്ങി സമീപത്തു പാർക്ക് ചെയ്തിരുന്ന ബൈ ക്കിൽ ചാരിയിരിക്കുമ്പോഴാണ് ഈസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
പ്രദേശത്തു ബൈക്ക് മോഷണം വ്യാപകമായതിനാൽ മോഷ്ടാക്കളാണെന്നു സംശയിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണു പൊലീസ് നൽകിയ വിശദീകരണം.
റെയിൽവേ സ്റ്റേഷനു തൊട്ടടുത്ത ക്യുഎസി മൈതാനത്തും ടൗൺ ഹാളിലുമാണു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ നിശ്ചയിച്ചിരുന്നത്. ഇവിടെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണു യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നാണു വിവരം. രാത്രിയോടെ അരൂരിൽ നിന്ന് എത്തിയ രക്ഷിതാക്കൾക്കൊപ്പം ഇവരെ വിട്ടയച്ചു.
റെയിൽവേ സ്റ്റേഷനു പുറത്തിറങ്ങിയതും ബൈക്ക് മോഷ്ടാക്കളാണെന്നു പറഞ്ഞു ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നെന്നു യുവാക്കൾ പറഞ്ഞു. തിരിച്ചു പോകാനുള്ള ട്രെയിൻ ടിക്കറ്റ് അടക്കം കാണിച്ചിട്ടും പൊലീസ് പോകാൻ അനുവദിച്ചില്ല. ഉച്ചകഴിഞ്ഞതോടെ കറുപ്പ് ഷർട്ട് ധരിച്ച കുറച്ചു പേരെ കൂടി സ്റ്റേഷനിൽ എത്തിച്ചപ്പോഴാണു ഷർട്ടിന്റെ നിറമാണ് അറസ്റ്റിനു കാരണമെന്നു മനസ്സിലാകുന്നതെന്നും അവർ പറഞ്ഞു. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കറുപ്പ് വസ്ത്രം ധരിച്ചതിന്റെ പേരിൽ 3 പേരെ കസ്റ്റഡിയിലെടുത്തു.