ന്യൂഡൽഹി: ജോലിക്കാരായ സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും രാജ്യത്ത് എല്ലായിടത്തും ഒരുപോലെ ആർത്തവാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹരജിയിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വിഷയം കോടതി തീരുമാനിക്കേണ്ടതല്ലെന്നും നയപരമായി എടുക്കേണ്ട തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹരജി നൽകിയത്. ചീഫ് ജിസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് ഹരജി വന്നത്.
വാദത്തിനിടെ, ആർത്തവാവധി അനുവദിക്കുന്നത് സ്ത്രീകൾക്ക് തൊഴിൽ നൽകുന്നതിൽ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കുമെന്ന് എതിർവാദവും ഉന്നയിക്കപ്പെട്ടു. അത് ശരിയാണെന്ന് ചീഫ് ജസ്റ്റിസും അഭിപ്രായപ്പെട്ടു. ഹരജിക്കാരൻ ഈ ഹരജി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന് മുമ്പാകെ സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഈ കേസ് നയ തീരുമാനവുമായി ബന്ധപ്പെട്ട് വരുന്നതിനാൽ ഹരജിക്കാരൻ വനിതാ ശിശുക്ഷേമ വകുപ്പിനു മുമ്പാകെ ഇക്കാര്യം സമർപ്പിക്കുക – ബെഞ്ച് നിർദേശിച്ചു.
ആർത്തവം മൂലം ശരീരികാസ്ഥസ്ഥതകൾ എല്ലാ സ്ത്രീകൾക്കും ഉണ്ടാകുമെന്നിരിക്കെ, പല സംസ്ഥാനങ്ങളിൽ പല തരത്തിൽ ഇവരെ കൈകാര്യം ചെയ്യുന്നത് ആർട്ടിക്കിൾ 14 ന്റെ ലംഘനമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു