ആലപ്പുഴ> അഷ്‌ടമുടിക്കായലിന്റെ സൗന്ദര്യം ഇനി പുത്തൻ ക്രൂയിസറിൽ ഇരുന്ന് കാണാം. ജലഗതാഗതവകുപ്പിന്റെ ടൂറിസ്‌റ്റ് ബോട്ട് “സീ അഷ്‌ടമുടി’ മാർച്ച് 10ന് കൊല്ലത്ത് ഉദ്‌ഘാടനംചെയ്യും. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി കൊല്ലത്താണ് ബോട്ട് ഓടിത്തുടങ്ങുക.
അഷ്ടമുടിയുടെ ഭംഗി ജലയാത്രയിലൂടെ നുകരാൻ ഇരുനില ബോട്ടാണ് സർവീസ് നടത്തുന്നത്. സീ കുട്ടനാട് മാതൃകയിലാണ് സീ അഷ്‌ടമുടിയും. കായൽക്കാഴ്‌ചകളും കുട്ടനാടൻ സൗന്ദര്യവും ആസ്വദിക്കാവുന്ന സീ കുട്ടനാട് അഞ്ചുമാസം മുമ്പാണ് ഉദ്‌ഘാടനംചെയ്‌തത്.
ക്രൂയിസർ ബോട്ട് നീറ്റിലിറക്കി രജിസ്‌ട്രേഷന് ഡിസംബറിലാണ് കൊല്ലത്തേക്ക് കൊണ്ടുപോയത്. നോൺ എസിയാണ്. 90 സീറ്റുണ്ട്. ലൈറ്റിനും ഫാനിനും സൗരോർജമാണ് ഉപയോഗിക്കുന്നത്. ഇരുനില ബോട്ടിന്റെ മുകളിൽ 30 സീറ്റും താഴെ 60 സീറ്റുമുണ്ട്. ഐആർഎസ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് സ്‌റ്റീലിലാണ് ബോട്ട് നിർമിച്ചത്. അകത്ത് ഭക്ഷണവിതരണത്തിന് കഫ്റ്റീരിയയുമുണ്ട്. സീ കുട്ടനാടിലെപ്പോലെ കുടുംബശ്രീയുടെ രുചികരമായ ഭക്ഷണവുമുണ്ടാകും. അതിവേഗ എസി ബോട്ടായ വേഗ 2 മാതൃകയിൽ കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് കായൽക്കാഴ്‌ചകൾ കാണാൻ അവസരമൊരുക്കുന്നുവെന്നതാണ് സീ അഷ്‌ടമുടിയുടെയും പ്രത്യേകതയെന്ന് ജലഗതാഗത ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. ജലഗതാഗതവകുപ്പ് ടൂറിസത്തിൽ ഊന്നൽ നൽകി കൂടുതൽ ബോട്ടുകൾ ഓടിച്ചത് കായൽസഞ്ചാരികളെ ആകർഷിച്ചിരുന്നു. ആഭ്യന്തരവിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷം ജില്ല റെക്കോഡ് വളർച്ചയും നേടി. ഈ നേട്ടത്തിൽ ജലഗതാഗതവകുപ്പിനും കാര്യമായ പങ്കുണ്ട്.