28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിഴിഞ്ഞം തുറമുഖ സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു; പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ
Kerala

വിഴിഞ്ഞം തുറമുഖ സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു; പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പദ്ധതി പ്രദേശത്തു നിർമിച്ച 33 കെവി / 11 കെവി സബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കി തുറമുഖം ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതി അതിവേഗത്തിൽ പൂർത്തിയാക്കാൻ സർക്കാരും നാട്ടുകാരും കരാർ കമ്പനിയും കൈമെയ് മറന്നു പരിശ്രമിക്കുകയാണ്. തുറമുഖത്ത് ആദ്യ കപ്പൽ അടുക്കുന്നതു രാജ്യത്തിന്റെ വികസന ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കും. നാലു ഘട്ടങ്ങളിലായാകും പദ്ധതി പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിലെ 400 മീറ്റർ ടെർമിനലുകൾ ഉടൻ നിർമാണം പൂർത്തിയാക്കും. പോർട്ടിന്റെ ബാഹ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവശ്രദ്ധയാണു സർക്കാർ പുലർത്തുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കക്കലും പുനരധിവാസവും പൂർത്തിയാക്കി. തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാര പാക്കേജ് നൽകുന്നതിനും നടപടി സ്വീകരിച്ചു. പുനരധിവാസത്തിനായി 20 കോടി രൂപയാണു കേന്ദ്ര സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ സംസ്ഥാനം 100 കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. അർഹരായ ആരെങ്കിലും ഇതിൽനിന്നു വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെയും ഇതിന്റെ പരിധിയിൽപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ റെയിൽവെ കണക്ടിവിറ്റിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതിക്ക് ആവശ്യമുള്ള നൈപുണ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കാൻ 50 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച അസാപ്പിന്റെ കെട്ടിടവും, തുറമുഖത്തിന് മാത്രമായി ഒരു ഇൻഡസ്ട്രിയൽ കോറിഡോർ സ്ഥപിക്കുന്നതിനുള്ള നടപടികളും മുന്നോട്ട് പോവുകയമാണ്. കേരളത്തിന്റെ കടൽ തീരം അടിസ്ഥാനമാക്കി പുതിയ ചെറുകിട തുറമുഖങ്ങളും അനുബന്ധ വ്യവസായങ്ങളും വികസിപ്പിക്കുവാനും സർക്കാറിന് ഉദ്ദേശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ കാട്ടാക്കടയിൽനിന്നാണു വിഴിഞ്ഞം തുറമുഖത്തേക്കു വൈദ്യുതി എത്തിക്കുന്നത്. ഇതിനായി ബാലരാമപുരം വഴി 220 കെവി ലൈനിലൂടെ മുക്കോലയിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള മെയിൻ ഗ്യാസ് ഇൻസുലേറ്റഡ് റിസീവിങ് സബ് സ്റ്റേഷന്റെ നിർമാണം നേരത്തേ പൂർത്തിയാക്കിയിരുന്നു. ഇവിടെനിന്ന് 33 കെവിയിലേക്കു വൈദ്യുതി സ്റ്റെപ്ഡൗൺ ചെയ്തു സ്വിച്ച് ഗിയർ മുഖേന ഭൂമിക്കടിയിലൂടെ നാലു മീറ്റർ കേബിൾ വഴി തുറമുഖത്തെ 33 കെവി സബ്സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇപ്പോൾ പൂർത്തിയായത്. ഇത് വീണ്ടും 11 കെവിയിലേക്കു സ്റ്റെപ് ഡൗൺ ചെയ്തു സ്വിച്ച് ഗിയർ മുഖേന തുറമുഖത്തെ സ്വിച്ചിങ് സ്റ്റേഷനിലേക്കു വൈദ്യുതി എത്തിക്കും. സബ് സ്റ്റേഷന്റെ സ്വിച്ച് ഓൺ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു.

പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി പങ്കെടുത്തു. എം. വിൻസന്റ് എം.എൽ.എ, തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജു, വാർഡ് കൗൺസിലർ ഓമനയമ്മ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, അദാനി പോർട്ട് സി.ഇ.ഒ രാജേഷ് കുമാർ ഝാ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഏഴുനാൾ നീളുന്ന നൃത്തോത്സവ സന്ധ്യക്ക് നിശാഗന്ധിയിൽ പ്രൗഢ തുടക്കം

Aswathi Kottiyoor

മണ്ണെണ്ണ: കേരളം ഈ വർഷം വില കൂട്ടില്ല

Aswathi Kottiyoor

കൊച്ചു പുരയ്ക്കൽ ജോസ് അനുസ്മരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox