24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്‌കൂൾ വിദ്യാർഥികളുടെ കായികക്ഷമത അളക്കുന്ന ഫിറ്റ്‌നസ് അസസ്മെന്റ് ക്യാമ്പയിന് ഇന്ന് (23 ഫെബ്രുവരി) തുടക്കം
Kerala

സ്‌കൂൾ വിദ്യാർഥികളുടെ കായികക്ഷമത അളക്കുന്ന ഫിറ്റ്‌നസ് അസസ്മെന്റ് ക്യാമ്പയിന് ഇന്ന് (23 ഫെബ്രുവരി) തുടക്കം

* ഖേലോ ഇന്ത്യയുമായി ചേർന്ന് സംസ്ഥാനത്ത് 14 പുതിയ കായിക കേന്ദ്രങ്ങൾ

* 1400 റിസോഴ്‌സ് പേഴ്‌സൻമാരെ നിയമിക്കും

സംസ്ഥാനത്തെ 12 നും 17 നും ഇടയിൽ പ്രായമുള്ള സ്‌കൂൾ വിദ്യാർഥികളുടെ ശാരീരികക്ഷമതയും ആരോഗ്യവും അളന്ന് അവരെ താൽപര്യമുള്ള കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനുള്ള സംസ്ഥാന കായിക വകുപ്പിന്റെ ഫിറ്റ്‌നസ് അസസ്‌മെന്റ് ക്യാമ്പയിന് ഫെബ്രുവരി 23ന് തുടക്കമാകും. ആധുനിക ഉപകരണങ്ങൾ സജ്ജീകരിച്ച ബസ് സ്‌കൂളുകളിൽ എത്തിയാണ് കുട്ടികളുടെ ശാരീരികക്ഷമത പരിശോധിക്കുകയെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബസിന്റെ ഫ്‌ളാഗ് ഓഫ് ഫെബ്രുവരി 23 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇത്തരത്തിൽ അഞ്ച് ബസുകൾ സംസ്ഥാനത്തെ സ്‌കൂളുകളിൽ പര്യടനം നടത്തും. ആദ്യ ഘട്ടത്തിൽ ഫിഷറീസ് സ്‌കൂളുകൾ, സ്‌പോർട്‌സ് സ്‌കൂളുകൾ, പട്ടികജാതി-പട്ടികവർഗ പിന്നാക്ക മേഖലയിലെ സ്‌കൂളുകൾ എന്നിവിടങ്ങളിലെ 10,000 കുട്ടികളിലാണ് പരിശോധന നടത്തുക. മുഴുവൻ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ആയിരിക്കും ക്യാമ്പയിൻ.

ശാസ്ത്രീയമായ രീതിയിൽ കുട്ടികളുടെ ശാരീരികക്ഷമതയും ആരോഗ്യവും പരിശോധിക്കാൻ യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌ക്വാട്ട്, മെഡിസിൻ ബോൾ ത്രോ, പുഷ് അപ്പ്, മെയ് വഴക്കം പരിശോധിക്കാൻ സിറ്റ് ആൻഡ് റീച്ച് പരിശോധന, വേഗതയും ചുറുചുറുക്കും ശരീര തുലനാവസ്ഥയും അളക്കാനുള്ള പരിശോധനകൾ എന്നിവയാണ് വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുക. ഇതുവഴി കായിക പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും അവരെ ഏറ്റവും അനുയോജ്യമായ കായിക മേഖലയിലേക്ക് തിരിച്ചുവിടാനും അനുയോജ്യമായ പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇത്തരമൊരു ശാസ്ത്രീയ പരിശോധനാ സംവിധാനം ആദ്യമായാണ്.

ശാരീരികാക്ഷമതാ പരിശോധനക്കൊപ്പം വിദ്യാർഥികളുടെ ഇടയിൽ ലഹരിവിരുദ്ധ പ്രചാരണവും നടത്തും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി കേരളത്തിലെ മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. കായികമേഖലയിൽ താല്പര്യമുള്ള കുട്ടികൾക്കായി എല്ലാവിധ സൗകര്യങ്ങളുമുള്ള സർക്കാർ സ്‌പോർട്‌സ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണം, താമസം, പഠനം, കായിക പഠനം എന്നിവയ്ക്ക് ആധുനിക സൗകര്യങ്ങളാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ സംസ്ഥാനത്ത് 14 പുതിയ കായിക കേന്ദ്രങ്ങൾ ഖേലോ ഇന്ത്യയുമായി ചേർന്ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോ ജില്ലയിലും പ്രത്യേക കായിക ഇനങ്ങൾ തെരഞ്ഞെടുത്ത് പരിശീലനം ലഭ്യമാക്കും. ഈ അധ്യയന വർഷം മുതൽ തുടങ്ങുന്ന പദ്ധതിക്കായി ഓരോ കേന്ദ്രത്തിലും കോച്ച്, രണ്ട് അസിസ്റ്റൻറ് കോച്ചുമാർ, കുക്ക്, താമസം, ഭക്ഷണം എന്നിവ ലഭ്യമാകും. ഇവ ഒരേ സമയം ഖേലോ ഇന്ത്യയുടെയും സംസ്ഥാന സർക്കാരിന്റേയും കേന്ദ്രങ്ങളായി പ്രവർത്തിക്കും. 52 കായിക ഇനങ്ങളിൽ ഓരോ ജില്ലയിലും പ്രത്യേകം തെരഞ്ഞെടുത്ത ഇനങ്ങൾ ആയിരിക്കും പരിശീലിപ്പിക്കുക. വിദ്യാർഥികൾക്ക് അവരുടെ ജില്ലകളിൽ തന്നെ താമസിച്ചു സ്‌പോർട്‌സ് പരിശീലിക്കാൻ സാധിക്കും. ഓരോ പഞ്ചായത്തിലും ഒരു റിസോഴ്‌സ് പേഴ്‌സൻ എന്ന രീതിയിൽ സംസ്ഥാനത്തൊട്ടാകെ 1400 റിസോഴ്‌സ് പേഴ്‌സൻമാരെ കായികവകുപ്പ് നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോ പഞ്ചായത്തിലും തെരഞ്ഞെടുത്ത പ്രൈമറി സ്‌കൂളിൽ ആയിരിക്കും നിയമനം. ഈ അധ്യയന വർഷം മുതൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ കായിക പാഠപുസ്തകം വരുന്നതോടെ ഈ പാഠപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പാഠഭാഗത്തിന്റെ പ്രായോഗിക പരിശീലനം മൈതാനത്ത് കുട്ടികൾക്ക് പകർന്നുനൽകൽ ആണ് റിസോഴ്‌സ് പേഴ്‌സന്റെ ചുമതല.

കളരിയുടെ പരിശീലനവും പ്രചാരണവും വിപുലമാക്കുന്നതിന്റെ ഭാഗമായി കായികവകുപ്പ് മലയാള സർവകലാശാലയുമായി ചേർന്ന് തയ്യാറാക്കിയ കളരിയെക്കുറിച്ചുള്ള സമഗ്ര ഗ്രന്ഥത്തിന്റെ പ്രകാശനം വ്യാഴാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി നിർവഹിക്കും. മലയാള സർവകലാശാല നിയോഗിച്ച ഗവേഷകസംഘമാണ് 14 ജില്ലകളിലും സർവ്വേ നടത്തി വിവരങ്ങൾ ശേഖരിച്ചു കളരിയെക്കുറിച്ച് പുസ്തകം തയ്യാറാക്കിയത്. വാർത്താസമ്മേളനത്തിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി, കായിക, യുവജനക്ഷേമ വകുപ്പ് ഡയറക്ടർ പ്രേം കൃഷ്ണൻ എസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

അടിയന്തര സഹായങ്ങൾക്കായി പൊലീസ് ഹെൽപ് ലൈൻ നമ്പർ 112

Aswathi Kottiyoor

പാ​ൽ ഉ​ത്പാ​ദ​ന ഇ​ൻ​സ​ന്‍റീ​വ് പ​ദ്ധ​തി: ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഇ​ന്നു മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വ്

Aswathi Kottiyoor

പെട്ടിമുടി ദുരന്തത്തിന് ഇന്ന്‌ മൂന്നാണ്ട്‌

Aswathi Kottiyoor
WordPress Image Lightbox