കേരളത്തില്‍ രണ്ടുമാസത്തിനിടെ ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തു പരിശോധിച്ച ഭക്ഷണസാമ്പിളുകളില് നാലിലൊന്ന് ഗുണനിലവാരമില്ലാത്തതും വ്യാജ ബ്രാന്‍ഡ് ഉപയോഗിച്ചു കച്ചവടം ചെയ്യുന്നതാണെന്നും കണ്ടെത്തല്‍.
ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സംസ്ഥാനത്തുള്ള വിവിധ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നിന്നു ശേഖരിച്ച ഭക്ഷണസാമ്പിളുകളുടെ പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്.
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റു പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്ത് പരിശോധന തുടങ്ങിയത്. കോട്ടയം സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോട്ടയം കിളിരൂര്‍ സ്വദേശി രശ്മി മരിച്ചതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നോട്ട് വന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സായിരുന്ന രശ്മി കുഴിമന്തി പാഴ്സലായി വാങ്ങിക്കഴിച്ചിരുന്നു.
ഡിസംബറിലും ജനുവരിയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടത്തിപ്പുകാര്‍ക്ക് 76.7 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
ഡിസംബറില്‍ എടുത്ത 575 സാമ്പിളുകളില്‍ 147 എണ്ണം ഗുണനിലവാരമില്ലാത്തതോ വ്യാജബ്രാന്ഡ് ഉപയോഗിച്ചു നിർമിച്ച് വില്പന നടത്തിയതോ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 59 എണ്ണം യാതൊരുവിധത്തിലും സുരക്ഷിതമല്ലാത്തവയും 13 എണ്ണം ഗുണനിലവാരമില്ലാത്തവയും 75 എണ്ണം വ്യാജ ബ്രാന്ഡുള്ളവയുംആണെന്നും കണ്ടെത്തി.
ജനുവരിയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ എടുത്ത 634 സാമ്പിളുകളില്‍ 138 എണ്ണവും സുരക്ഷിതമല്ലാത്തതും വ്യാജബ്രാന്ഡിംഗ് ആണെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടു മാസം നടത്തിയ പരിശോധനയിൽ 16,448 സ്ഥാപനങ്ങളില്‍ 1758 സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്കി. നിയമലംഘനം നടത്തി കച്ചവടം നടത്തിയ 79 പേര്‍ക്കെതിരേ പ്രോസിക്യൂഷന് കേസ് ഫയല്‍ ചെയ്തുകഴിഞ്ഞു.