കൊച്ചി ∙ സർക്കാരിന്റെ വിവിധ പരിപാടികൾക്കു തദ്ദേശ സ്ഥാപനങ്ങളിൽനിന്നു പണം പിരിക്കാൻ സർക്കാരിനെങ്ങനെ ഉത്തരവിടാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. പണം നൽകാൻ പഞ്ചായത്ത് സമിതിയുടെ അനുമതി വേണമെന്നു പഞ്ചായത്തീരാജ് നിയമത്തിൽ വ്യവസ്ഥയുള്ളപ്പോൾ അങ്ങനെയല്ലാതെ പണം നൽകാനാകുമോയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. സർക്കാരിന്റെ വിശദീകരണത്തിനായി ജസ്റ്റിസ് അനു ശിവരാമൻ കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി.
സർക്കാർ തദ്ദേശദിനാഘോഷത്തിനുവേണ്ടി പഞ്ചായത്തുകളിൽനിന്ന് നിർബന്ധപൂർവം പണപ്പിരിവു നടത്തുകയാണെന്ന് ആരോപിച്ച് കൊല്ലം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഫൈസൽ കുളപ്പാടമാണ് ഹർജി നൽകിയത്. പഞ്ചായത്തുകൾ പണം നൽകണമെന്നു നിർദേശിച്ച് തദ്ദേശ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ജനുവരി 28നു പുറപ്പെടുവിച്ച ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു ഹർജി.
ഏതു ഫണ്ടിൽനിന്ന് എങ്ങനെ പണം നൽകണമെന്ന് ഉത്തരവിൽ വ്യക്തമല്ല. നടപടിക്രമങ്ങളും പറയുന്നില്ല. തനതുഫണ്ട് കുറവായതു മൂലമുള്ള പ്രതിസന്ധിക്കിടെയാണു നിർബന്ധിത പിരിവ്. പാലക്കാട്ടു നടന്ന പഞ്ചായത്ത് ദിനാഘോഷത്തിന് ഇതിനകം പണം നൽകിക്കഴിഞ്ഞു. ഫണ്ടില്ലാതെ പഞ്ചായത്തുകളിലെ ക്ഷേമപദ്ധതികൾ പോലും മുടങ്ങുകയാണ്. പഞ്ചായത്തുകൾ നൽകിയ പണം തിരികെ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.