കെഎസ്ആർടിസിയിൽ മാസ വരുമാനം 240 കോടിയിൽ എത്തിക്കാൻ നടപടികളുമായി കെഎസ്ആർടിസി മാനേജ്മെന്റ്. നിലവിൽ കെഎസ്ആർടിസിക്ക് 195 മുതൽ 220 കോടി വരെയാണ് പ്രതിമാസ വരുമാനം. വരുമാന വർധനയിലൂടെ സർക്കാരിനെ ആശ്രയിക്കാതെ അഞ്ചാം തീയതിയോടെ ശന്പളം നൽകാനുള്ള നടപടിയുടെ ഭാഗമായാണ് ഇത്. എല്ലാ മാസവും കളക്ഷൻ 240 കോടി എങ്കിലും എത്തിക്കുകയാണ് ലക്ഷ്യം.
തിരക്കുള്ള മാസങ്ങളിൽ 265-270 കോടി വരെ വരുമാനം എത്തിക്കും. എന്നാൽ, തിരക്കു കുറഞ്ഞ മാസങ്ങളിൽ ഇത് 200-215 കോടിയിൽ കൂടുകയി ല്ലെന്നും മാനേജ്മെന്റ് കണക്കു കൂട്ടുന്നു. ഓരോ സ്ഥലത്തെയും ബസുകളുടെ എണ്ണം കണക്കിലെടുത്ത് ഡിപ്പോകൾക്ക് വരുമാനപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് എസി സീറ്റർ ബസുകൾക്ക് 62,919 രൂപയും എസി ലോ ഫ്ളോർ ബസുകൾക്ക് 40,428 രൂപയും സൂപ്പർ ഡീലക്സ് ബസുകൾക്ക് 50,186 രൂപയും സൂപ്പർ ഡീലക്സ് എക്സ്പ്രസ് ബസുകൾക്ക് 37,180 രൂപയുമാണ് വരുമാനപരിധി നിശ്ചയിച്ചിട്ടുള്ളത്.
8.43 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ഏറ്റവും ഉയർന്ന പ്രതിദിന കളക്ഷൻ. കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു കെഎസ്ആർടിസിക്ക് ബസ് സർവീസ് ഓപ്പറേഷനിലൂടെ മാത്രം ഈ കളക്ഷൻ ലഭിച്ചത്. 2022 സെപ്റ്റംബർ 12നു കെഎസ്ആർടിസിക്ക് 8.41 കോടി രൂപ കളക്ഷൻ ലഭിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ പ്രതിദിനം 4402 ബസുകൾ വരെ സർവീസ് നടത്തിയിരുന്നു.
കെഎസ്ആർടിസി ജീവനക്കാരുടെ ശന്പളം ഓരോ മാസവും അഞ്ചിനു ഒരു ഗഡു നൽകുന്നതിന്റെ ഭാഗമായാണ് വരുമാന വർധനയ്ക്കായുള്ള മാനേജ്മെന്റിന്റെ നടപടികൾ. പ്രതിദിനം എട്ടു കോടി രൂപ കളക്ഷൻ നേടണം എന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് നിർദേശിച്ചിട്ടുള്ളത്. തിങ്കളാഴ്ചകളിൽ സാധാരണ വരുമാനം വർധിക്കാറുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വരുമാനം കുറവുമാണ്. കൂടുതൽ യാത്രക്കാരുള്ള ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങൾ കെഎസ്ആർടിസി നിരത്തിലിറക്കും.
ഇതിനായി കെഎസ്ആർടിസിയുടെ പല യൂണിറ്റുകളിലും ഓടിക്കാതെ നിർത്തിയിട്ടിരിക്കുന്ന ബസുകൾ കണ്ടെത്തുന്നതിനും അവ അറ്റകുറ്റപ്പണികൾ നടത്തി നിരത്തിലിറക്കുന്നതിനും ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. മുഴുവൻ ബസുകളും അവശ്യദിവസങ്ങളിൽ സർവീസിന് ഇറക്കണമെന്ന് ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സോണൽ മേധാവിമാരോടു കത്തിലൂടെ നിർദേശിച്ചിട്ടുണ്ട്. ആവശ്യത്തിനു ജീവനക്കാർ ഇല്ലെങ്കിൽ പകരം ബദൽ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. കോവിഡിനു മുൻപ് പ്രതിദിനം ശരാശരി 5,700 സർവീസുകളാണ് കെഎസ്ആർടിസി നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ശരാശരി 4000-4400 സർവീസുകൾ മാത്രമാണുള്ളത്.
കെഎസ്ആർടിസി ജീവനക്കാരുടെ ശന്പളത്തിന്റെ ആദ്യഗഡു അഞ്ചിനു മുൻപ് വിതരണം ചെയ്യുമെന്നാണ് കോർപറേഷൻ പറയുന്നത്. ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ശന്പളം രണ്ട് ഗഡുവായി നൽകാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ് കെഎസ്ആർടിസി.