വന്യജീവികൾ ജനവാസമേഖലയിൽ കയറി മനുഷ്യജീവനുകൾ കവരുന്നത് തുടർക്കഥയാകുന്നു. 2020-21 വർഷത്തെ ഫോറസ്റ്റ് സർവേ റിപ്പോർട്ട് പ്രകാരം പാന്പുകടിയേറ്റ് സംസ്ഥാനത്ത് മരണപ്പെട്ടത് 52 പേരാണ്. കഴിഞ്ഞ 30 നു പുറത്തിറക്കിയ ഈ റിപ്പോർട്ട് പ്രകാരം പാന്പുകടിയേറ്റത് 767 പേർക്കാണ്.
ജനങ്ങളുടെ ജീവനോപാധിയായ 27 കന്നുകാലികളും പാന്പുകടിയേറ്റ് ചത്തു. നാടിനും നാട്ടുകാർക്കും ഒരുപോലെ ഭീതി വിതയ്ക്കുന്ന കാട്ടാനയുടെ ആക്രമണം മൂലം 27 പേർ മരണപ്പെട്ടപ്പോൾ 34 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മനുഷ്യവാസമേഖലകളിൽ സംസ്ഥാനത്ത് 2,945 ഇടങ്ങളിൽ കൃഷിനാശവുമുണ്ടാക്കി. കാട്ടുപന്നി ജനങ്ങളുടെ ജീവനെടുക്കുന്നതോടൊപ്പം വൻതോതിൽ കൃഷിയും നശി പ്പിച്ചു.
2021-22ൽ എട്ടുപേർ കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ 146 പേർക്കാണ് ഗുരുതര പരിക്കേറ്റത്. 1,898 സ്ഥലങ്ങളിൽ വ്യാപകകൃഷി നാശമുണ്ടായി. കടുവയുടെ ആക്രമണത്തിലും ഒരു മനുഷ്യജീവൻ നഷ്ടമായി. ആട്, പശു ഉൾപ്പെടെ 141 കന്നുകാലികളെയാണ് കടുവ കൊന്നൊടുക്കിയത്. പുലിയുടെ ആക്രമണത്തിൽ 164 വളർത്തു മൃഗങ്ങളുടെ ജീവൻ നഷ്ടമായി. വന്യമൃഗങ്ങൾ മനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തിയതും കൃഷി നശിപ്പിച്ചതും ഉൾപ്പെടെ 8,017 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
കാട്ടുമൃഗങ്ങൾ ജനങ്ങളുടെ ജീവൻ അപഹരിക്കുകയും വൻ തോതിൽ കൃഷിനാശം ഉണ്ടാക്കുകയും ചെയ്യുന്പോൾ വനംവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ പരാജയമെന്നു സർവേ റിപ്പോർട്ടിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാൻ കഴിയും. ആനകൾ ജനവാസ മേഖലകളിൽ കയറാതിരിക്കാനായി സംസ്ഥാനത്ത് 437 കിലോമീറ്റർ ദൂരത്തിൽ സോളാർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ ഔദ്യോഗീക വിവരണം. കൂടാതെ എലിഫെന്റ് പ്രൂഫ് ട്രെഞ്ചുകളും എലിഫെന്റ് പ്രൂഫ് വാളുകളും നിരവധി കിലോമീറ്റർ ദൂരം സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രതിരോധങ്ങൾ എല്ലാം മറികടന്ന് വന്യമൃഗങ്ങൾ ജനവാസ മേഖലകൾ കൈയടക്കുകയാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.