ജയ്പുർ∙ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ രാജസ്ഥാനിലെ കർഷകന് നഷ്ടമായത് എട്ടു ലക്ഷം രൂപ. കെവൈസി അപ്ഡേറ്റ് ചെയ്യണം എന്നു പറഞ്ഞു വന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെയാണു പണം നഷ്ടമായത്. പണം തിരികെ പിടിക്കാൻ നടപടി എടുക്കാതെ ദിവസങ്ങളോളും ബാങ്ക് അധികൃതരും സൈബർ സെല്ലും ഇവരെ വലച്ചു. ഹർഷ് വർധൻ എന്ന രാജസ്ഥാനിലെ ഗഗൻനഗർ സ്വദേശിയാണ് ലിങ്കിൽ ക്ലിക്ക് ചെയ്ത് കുടുങ്ങിയത്. ഇദ്ദേഹത്തിന്റെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നൽകിയിരുന്നത് ഹർഷ് വർധന്റെ നമ്പറായിരുന്നു. ഹർഷ് വർധൻ കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ എസ്ബിഐയുടെ യോനോയ്ക്ക് സമാനമായ പുതിയൊരു ആപ്ലിക്കേഷൻ വന്നു. പിന്നാലെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായെന്നു വ്യക്തമാക്കുന്ന സന്ദേശങ്ങളും എത്തി.
മൂന്നു വട്ടമായാണ് അക്കൗണ്ടിൽനിന്ന് എട്ടു ലക്ഷം രൂപ പിൻവലിച്ചത്. കൃഷി ആവശ്യങ്ങൾക്കായി കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെ പിതാവ് വായ്പ എടുത്ത തുകയായിരുന്നു അക്കൗണ്ടിലുണ്ടായത്. പണം നഷ്ടമായെന്നു വ്യക്തമായതോടെ ഇവർ ബാങ്ക് മാനേജരെയും സൈബർ സെല്ലിനെയും ബന്ധപ്പെട്ടു. പണം പിൻവലിച്ച അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ബാങ്ക് മാനേജർ നടപടിയെടുത്തു. പേയു എന്ന പെയ്മന്റ് സർവീസ് അക്കൗണ്ടിലേക്കും ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്കുമാണു പണം എത്തിയത്.അതിൽ പേയു പണം കൈമാറുന്നത് തടഞ്ഞുവച്ചു എന്നറിയിച്ച് ബാങ്ക് മാനേജർക്കു മെയിൽ അയച്ചു. എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ പണം തിരിച്ചെടുക്കുന്നതു സംബന്ധിച്ച് സൈബർ ക്രൈം വിഭാഗത്തിൽനിന്നു സന്ദേശം ലഭിച്ചില്ലെങ്കിൽ ബ്ലോക്ക് മാറ്റുമെന്നും അറിയിച്ചു. തുടർന്ന് ദ്വാരകയിലെ സൈബർ സെല്ലിനെ സമീപിച്ചു പേയുവിനു മെയിൽ അയയ്ക്കാൻ പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. അതിനിടെ പൊലീസിൽ പരാതി നൽകിയെങ്കിലും അതിന്മേൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതു സംഭവം നടന്ന് മൂന്ന് ദിവസത്തിനുശേഷം മാത്രമാണ്.
പിന്നീട് ഗംഗാനഗർ സിറ്റിയിലെ സൈബർ സെല്ലിനെ സമീപിച്ചതോടെ അവരാണ് പേയുവിന് മെയിൽ അയച്ചത്. ഇതോടെ 6,24,000 രൂപ തിരികെ ലഭിച്ചു. തുടർന്ന് ഹർഷ്, ഡിജിറ്റൽ പണമിടപാട് രംഗത്തുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച 25,000 രൂപ കൊൽക്കത്തയിലെ ഒരു എടിഎമ്മിൽനിന്ന് പിൻവലിച്ചതായി കണ്ടെത്തി. സിസിഅവന്യു അക്കൗണ്ടിലേക്ക് എത്തിയ 1,54,899 രൂപയിൽ 1,20,000 രൂപ ഉപയോഗിച്ചു കൊൽക്കത്തയിലെ ജിയോ സ്റ്റോറിൽനിന്ന് സാധനങ്ങൾ വാങ്ങിയതായും കണ്ടെത്തി.
കൊൽക്കത്തയിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും സംഭവം നടക്കുന്ന സമയം ഇയാൾ ഡൽഹിയിലായതിനാൽ ഡൽഹി പൊലീസ് മുഖേന ബന്ധപ്പെടാനാണു നിർദേശം ലഭിച്ചത്. ഇത്തരത്തിൽ നിരവധി പരാതികൾ ദിവസേന ലഭിക്കുന്നതായും ഹൽപി പൊലീസ് അറിയിച്ചു. പൊലീസിൽനിന്നും ബാങ്ക് അധികൃതരിൽനിന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിലും പണം തിരികെ കിട്ടാതെ പിന്മാറില്ലെന്ന നിലപാടെടുത്തതോടെയാണ് ഇവർക്ക് നഷ്ടപ്പെട്ട തുകയിൽ മുക്കാലും തിരികെ പിടിക്കാനായത്.