ഇരിട്ടി: പടിയൂരിൽ വ്യവസായ വകുപ്പിന് കീഴിൽ തുടങ്ങുന്ന കിൻഫ്ര പാർക്കിനുള്ള ഭൂമി ഏറ്റെടുക്കലും അതിർത്തി നിർണ്ണയവും തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ഭൂ ഉടമകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയുന്നതിനായി വെള്ളിയാഴ്ച പടിയൂർ പഞ്ചായത്ത് ഹോളിൽ നടന്ന കിൻഫ്രയുടെ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പടിയൂർ പഞ്ചായത്തിലെ പടിയൂർ, കല്ല്യാട് വില്ലേജുകളെ ഉൾപ്പെടുത്തിയാണ് കിൻഫ്രയുടെ വ്യവസായ പാർക്ക് സ്ഥാപിക്കുന്നത്. പടിയൂർ വില്ലേജിലെ കുയിലൂർ, പടിയൂർ ദേശത്തും കല്ല്യാട് വില്ലേിലെ ഊരത്തൂർ ദേശത്തുമായി 708.59 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. അളവുമായി ബന്ധപ്പെട്ട് ഭൂഉടമകളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയുന്നതിനായി പടിയൂർ പഞ്ചായത്ത് ഓഫീസ് ഹോളിൽ നടന്ന യോഗത്തിൽ കിൻഫ്രയുടെ ഭൂമി ഏറ്റെടുക്കൽ വിഭാഗം കാര്യങ്ങൾ വിശദീകരിച്ചു. ആകെ ഏറ്റെടുക്കുന്ന ഭൂമിയുടെ നാല് അതിരുകളും ആദ്യം നിർണ്ണയിക്കും. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് വ്യക്തികളുടെ ഭൂമിയുടെ അതിത്തി നിർണ്ണയും ആരംഭിക്കും. ഈ വർഷം അവസാനത്തോടെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി നഷ്ടപരിഹാരം അനുവദിക്കാനുള്ള നടപടികളാണ് ഉണ്ടാക്കുന്നതെന്ന് കിൻഫ്രപ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഏറ്റെടുക്കേണ്ട ഭൂമിയുടെ പട്ടയം ഉൾപ്പെടെയുളള പ്രമാണങ്ങൾ ഉണ്ടാക്കുന്നതിനും അതിർത്തി നിർണ്ണയം സംബന്ധിച്ച കാര്യങ്ങൾ വേഗം പൂർത്തിയാക്കുന്നതിന് അളവുമായി സഹകരികാനും ഭൂ ഉടമകൾ ശ്രദ്ധിക്കണം.
ഭൂമി ഏറ്റെടുക്കുമ്പോൾ പ്രദേശത്തുണ്ടാകുന്ന സാമൂഹ്യാഘാത പഠനം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ നേരത്തെ പൂർത്തിയാക്കുകയും സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. 250 ഏക്കർ ഭൂമി കല്യാട് വില്ലേജിലും 458. 59 ഏക്കർ ഭൂമി പടിയൂർ വില്ലേജിലുമാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം 2019ൽ ആണ് ഉണ്ടായത്. ഇതിന് മൂന്ന് വർഷം മുൻമ്പ് മേഖലയിൽ നടന്ന ക്രയ – വിക്രിയങ്ങളുടെ മതിപ്പ് വിലയുടെ ശരാശരി കണക്കാക്കി ഭൂ ഉടമകളിൽ നിന്നും നേരിട്ട് ഏറ്റെടുക്കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. പ്രദേശത്തെ റോഡുള്ളതും ഇല്ലാത്തതുമായ മേഖലകളാക്കി തിരിച്ചും കാർഷിക വിളകളിൽനിന്നുള്ള ആദായവും മറ്റും കണക്കാക്കിയാണ് വിലനിശ്ചയിക്കുക.
ഏറ്റെടുക്കുന്ന ഭൂമി ജനവാസം തീരെ കുറഞ്ഞ മേഖലയാണ്. 700 ഏക്കറിനുള്ളിൽ ഇരുപതിൽ താഴെ വീടുകൾ മാത്രമാണ് ഉൾപ്പെടുന്നത്. പടിയൂർ വില്ലേജിൽ ഏറ്റെടുക്കുന്ന ഭൂമി സംസ്ഥാന ഹൈവെയോടും പഴശ്ശി പദ്ധതി പ്രദേശത്തോടും ചേർന്ന പ്രദേശമാണ്. പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതി പ്രദേശം എന്ന നിലയിലും വെള്ളം യഥേഷ്ടം ലഭിക്കുമെന്നതിനാവും തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പതയോട് ചേർന്ന പ്രദേശം എന്ന നിലയിലും ഏറെ സാധ്യതയുള്ള പ്രദേശമാണിത്. ഏറ്റെടുക്കുന്ന ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും എസ്റ്റേറ്റ് മേഖലയുമായതിനാൽ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനുമാവും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷുസുദ്ദീൻ അധ്യക്ഷത വഹിച്ചു. കിൻഫ്ര അഡൈ്വസർ വി.എം. സജീവൻ, ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് ആർ.മിനി, അംഗങ്ങളായ കെ. ശോഭന, ആർ.രാജൻ, കിൻഫ്രകോ.ഓഡിനേറ്റർ എൻ.വി. ബാബുരാജ്, ഫീൽഡ് അസിസ്റ്റന്റ് എം.വി. രാംദാസ്, പി. ഷിനോജ് എന്നിവർ സംബന്ധിച്ചു.