എംസി റോഡിന് സമാന്തരമായി നിർമിക്കുന്ന തിരുവനന്തപുരം–-അങ്കമാലി ഗ്രീൻഫീൽഡ് നാലുവരിപ്പാതയെ നിർദിഷ്ട വിഴിഞ്ഞം- –നാവായിക്കുളം ഔട്ടർ റിങ് റോഡുമായി കൂട്ടി യോജിപ്പിക്കും. അഞ്ച് ജില്ലയിലൂടെ കടന്നുപോകുന്ന ഗ്രീൻഫീൽഡ് പാതയുടെ കല്ലിടൽ ഈ വർഷം ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. സ്ഥലമേറ്റെടുപ്പിന് ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ യൂണിറ്റുകളും ഉടൻ തുടങ്ങും.
ഗ്രീൻഫീൽഡിനെ കേന്ദ്രം ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ദേശീയപാത അതോറിറ്റിയുടെ തനത് പദ്ധതിയായാകും പാത നിർമിക്കുക. സ്ഥലം ഏറ്റെടുപ്പിന് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുമുണ്ടാകും. ഗ്രീൻഫീൽഡ് പാതയുടെ തുടക്കം തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽനിന്നുമാറി കിളിമാനൂരിലെ പുളിമാത്ത് ആക്കാനാണ് ആലോചിക്കുന്നത്. നിർദിഷ്ട വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡ് ഈ ഭാഗത്ത് കൂടിയാണ് കടന്നുപോകുന്നത്. ഇത് അനുസരിച്ച് പാതയുടെ അലൈൻമെന്റിൽ മാറ്റമുണ്ടാകും.
അരുവിക്കരയിൽ നിന്നാരംഭിച്ച് അങ്കമാലിയിൽ അവസാനിക്കുന്ന വിധം ദേശീയപാതയുടെ ആദ്യഘട്ട അലൈൻമെന്റ് നേരത്തേ തയ്യാറാക്കിയിരുന്നു. ഏകദേശം 240 കിലോമീറ്ററാണ് നീളം. പന്ത്രണ്ട് താലൂക്കിലെ 79 വില്ലേജിൽനിന്ന് ആയിരത്തിലധികം ഹെക്ടർ സ്ഥലമാണ് പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരിക. ഭോപാൽ ആസ്ഥാനമായ ഹൈവേ എൻജിനിയറിങ് കൺസൾട്ടന്റ് സ്ഥാപനമാണ് ഡിപിആർ തയ്യാറാക്കുന്നത്. കല്ലിടലിന് മുമ്പുള്ള സർവേയും റൂട്ട് മാപ്പും ഭോപാൽ ഏജൻസി പൂർത്തിയാക്കി. ദേശീയപാത അതോറിറ്റിയുടെ ഭൂമിയേറ്റെടുക്കൽ കമ്മിറ്റിയാണ് അന്തിമതീരുമാനമെടുക്കുക.