കണ്ണൂർ
നഗരത്തിലെ ഓടകളിൽ നിറയുന്ന മലിജനജലം ശുദ്ധീകരിക്കാൻ മഞ്ചപ്പാലത്ത് നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവൃത്തി അന്തിമഘട്ടത്തിൽ. 23.60 കോടി രൂപ ചെലവിലാണ് അത്യാധുനിക രീതിയിൽ പ്രവർത്തിക്കുന്ന പ്ലാന്റ് നിർമിക്കുന്നത്.
റൊട്ടേറ്റിങ് മെബ്രയിൻ ബയോ റിയാക്ടർ (ആർഎംബിആർ ) സാങ്കേതിക വിദ്യയിലാണ് പ്ലാന്റ് പ്രവർത്തിക്കുക. സംസ്ഥാനത്തു തന്നെ ഈ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പ്ലാന്റാണിത്. താളിക്കാവ്, കാനത്തൂർ ഡിവിഷനുകളിലെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള മലിനജലം ശേഖരിച്ചാണ് പെപ്പ് ലൈൻ വഴി മഞ്ചപ്പാലത്തെ പ്ലാന്റിലെ റിസർവിങ് ചേംബറിൽ എത്തിക്കുക. പല ഘട്ടങ്ങളായി ശുദ്ധീകരിച്ച വെള്ളം പടന്നത്തോട് വഴി ഒഴുക്കിവിടും.
കാർഷിക ആവശ്യങ്ങൾക്കും നിർമാണ പ്രവൃത്തികൾക്കും ശുദ്ധീകരിച്ച ജലം ഉപയോഗിക്കാം. പ്രതിദിനം പത്ത് ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ സാധിക്കും. 24 മണിക്കൂറും പ്ലാന്റ് പ്രവർത്തിക്കും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നിർമാണപ്രവൃത്തി ആരംഭിച്ചത്. കണ്ണൂർ മാർക്കറ്റിൽ ഒഴികെ പൈപ്പിടൽ പൂർത്തിയായി. പ്ലാന്റിന്റെ പ്രവൃത്തി 95 ശതമാനത്തോളം പൂർത്തിയതായി നിർമാണം ഏറ്റെടുത്ത തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോ-–-ഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു.
നഗരത്തിലെ മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരം എന്നനിലയ്ക്കാണ് മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കളിക്കളം നഷ്ടമാകുമെന്നതും പ്ലാന്റ് യാഥാർഥ്യമായാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന പ്രദേശവാസികളുടെ തെറ്റിദ്ധാരണയും പദ്ധതിക്ക് തടസ്സമായി. പ്രശ്നപരിഹാരത്തിന് മന്ത്രിയായിരുന്ന എം വി ഗോവിന്ദനാണ് മുൻകൈയെടുത്തത്. മഞ്ചപ്പാലത്തെ മൈതാനത്തിന് പകരം മറ്റൊരു ഗ്രൗണ്ട് ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് ആദ്യവാരത്തോടെ പ്ലാന്റ് പൂർണസജ്ജമാകും.