26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കേബിളുകള്‍ നിയമാനുസൃതം വിന്യസിക്കണം ; വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
Kerala

കേബിളുകള്‍ നിയമാനുസൃതം വിന്യസിക്കണം ; വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

പൊതുനിരത്തുകളിലെ അലക്ഷ്യമായ കേബിൾ വിന്യാസം, സ്ലാബില്ലാത്ത ഓടകൾ എന്നിവമൂലമുണ്ടാകുന്ന അപകടങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്തുടനീളം കർശന നടപടി സ്വീകരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഇന്ത്യൻ റോഡ് കോൺഗ്രസ് നിശ്ചയിച്ച ഉയരപരിധി പാലിക്കാതെ റോഡുകളിലും നടപ്പാതകളിലും വിന്യസിച്ചിട്ടുള്ള കേബിളുകൾ രണ്ടു മാസത്തിനകം നിയമാനുസൃതമാക്കാൻ കെഎസ്ഇബി, ബിഎസ്എൻഎൽ അധികൃതർക്ക് നിർദേശം നൽകി.

കേബിൾ ടിവി ഓപ്പറേറ്റർമാരും ഇന്റർനെറ്റ് സേവനദാതാക്കളും വലിച്ചിട്ടുള്ള കേബിളുകൾ ഉദ്യോഗസ്ഥർ റൂട്ട് പട്രോളിങ് നടത്തി കണ്ടെത്തി നിയമവിധേയമാക്കണം. രണ്ടു മാസത്തിനുശേഷം ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ റോഡ് സുരക്ഷാ കമീഷണറുടെ അധികാരങ്ങൾ ഉപയോഗിച്ച്‌ നടപടികളിലേക്ക് നീങ്ങും. പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും നേതൃത്വത്തിലായിരിക്കും പരിശോധന. കെഎസ്ഇബി, ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ തങ്ങളുടെ അധികാരപരിധിയിലെ പോസ്റ്റുകളിൽ നിയമവിധേയമല്ലാതെ കേബിളുകൾ വിന്യസിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. കെഎസ്ഇബിയുടെ പോസ്റ്റ് വഴി കടന്നുപോകുന്ന നിയമവിരുദ്ധമായ കേബിളുകൾക്ക് അതത് സെക്‌ഷനിലെ അസിസ്റ്റന്റ് എൻജിനിയറും ബിഎസ്എൻഎല്ലിൽ ബന്ധപ്പെട്ട ക്ലസ്റ്ററിന്റെ ചുമതലയുള്ള ജൂനിയർ ടെലികോം ഓഫീസർ അല്ലെങ്കിൽ സബ് ഡിവിഷണൽ എൻജിനിയറുമായിരിക്കും നിയമനടപടി നേരിടേണ്ടിവരിക.

നടപ്പാതകളിൽ ഓടകളുടെ മുകളിൽ ഇളകിക്കിടക്കുന്ന സ്ലാബുകളുടെ ജോലികൾ രണ്ടു മാസത്തിനകം വാട്ടർ അതോറിറ്റി പൂർത്തിയാക്കണം. പൈപ്പിടാൻ എടുക്കുന്ന കുഴികൾ അപകടരഹിതമാണെന്ന് ഉറപ്പാക്കണം. അലക്ഷ്യമായി വിന്യസിച്ച കേബിളുകൾ മനുഷ്യജീവന് ഹാനിയുണ്ടാക്കിയാൽ ഉദ്യോഗസ്ഥർക്കെതിരെ റോഡ് സുരക്ഷാ നിയമത്തിന്റെ 304–-ാംവകുപ്പുപ്രകാരമായിരിക്കും കേസെടുക്കുക. ട്രാൻസ്‌ഫോർമറുകളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഫെൻസിങ് എല്ലായിടത്തും ഏർപ്പെടുത്താനും തീരുമാനിച്ചു.

കേബിളുകൾ കഴുത്തിൽ കുരുങ്ങിയും സ്ലാബിടാത്ത ഓടകളിൽ വീണും അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. ആർടിഒമാരായ ജി അനന്തകൃഷ്ണൻ, പി എം ഷബീർ, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണർ ഷാജി മാധവൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടി, റോഡ് സുരക്ഷാ കമീഷണർ എസ് ശ്രീജിത്, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ തുടങ്ങിയവർ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ 200 ആശുപത്രി ആക്രമണങ്ങൾ നടന്നു; 170 ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെട്ടു

Aswathi Kottiyoor

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​പ​ക്ഷ​ത്ത് നി​ൽ​ക്ക​ണം: സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ

Aswathi Kottiyoor

*പേരുമാറ്റത്തിനൊരുങ്ങി റെയിൽവേ സ്റ്റേഷനുകൾ ; ആദ്യ ഘട്ടത്തില്‍ 725 സ്‌റ്റേഷനുകള്‍*

Aswathi Kottiyoor
WordPress Image Lightbox