പൊതുഭരണവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും (കെ.വൈ.എൽ.എ)-യും നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും (എൻ.യു.എ.എൽ.എസ്) ചേർന്ന് വികസിപ്പിച്ച ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സായ ‘know Our Constitution – നമ്മുടെ ഭരണഘടനയെ അറിയുക’ എന്നതിന്റെ ഉദ്ഘാടനം 14ന് ഉച്ചയ്ക്ക് 12ന് കൊച്ചി നുവാൽസ് ക്യാമ്പസിൽ നിയമമന്ത്രി പി. രാജീവ് നിർവഹിക്കും.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും സമൂഹത്തിൽ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചും വ്യക്തികളെ, പ്രധാനമായും, യുവതയെ ബോധവത്കരിക്കുക എന്നതാണ് 20 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന്റെ ലക്ഷ്യം. നുവാൽസിലെ അധ്യാപകരുടേയും വിദ്യാർഥികളുടേയും അക്കാദമിക പിന്തുണയോടെ വികസിപ്പിച്ച കോഴ്‌സ് lms.kyla.kerala.gov.in ൽ ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സായി ലഭ്യമാകും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൈലയും നുവാൽസും സംയുക്തമായി നൽകുന്ന ഇ-സർട്ടിഫിക്കറ്റ് ലഭിക്കും.
അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് മുഖ്യാതിഥിയാകും. നുവാൽസ് വിസി ജസ്റ്റിസ് സിരി ജഗൻ അധ്യക്ഷത വഹിക്കും.