തിയറ്ററിനുള്ളില്‍ സിനിമാ റിവ്യൂ എടുക്കുന്നവര്‍ക്ക് ഫെഫ്ക വിലക്ക് ഏര്‍പ്പെടുത്തിയതോടെ മലയാള സിനിമയിലെ നിരൂപണ വിവാദം പുതിയ തലത്തിലേക്ക്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത “ക്രിസ്റ്റഫര്‍’ എന്ന സിനിമയുടെ ലൈവ് റിവ്യൂ എടുക്കാന്‍ വന്നവരുമായി ഫാന്‍സുകാര്‍ കൊമ്പുകോര്‍ത്തു. പലയിടത്തും സമാനമായ സംഭവമുണ്ടായി.
സിനിമയെക്കുറിച്ചുള്ള അഭിപ്രായം തേടല്‍ തിയറ്ററിനുള്ളില്വേണ്ടെന്നാണ് ഫെഫ്കയുടെ തീരുമാനം. ഇത് മറികടന്ന് എത്തുന്നവരെ കൈാര്യം ചെയ്യാന്‍ “സംഘവും’ റെഡിയാണ്. ആദ്യദിനം തന്നെ മനപൂര്‍വം നെഗറ്റീവ് റിവ്യൂസ് കൊടുത്ത് സിനിമയെ തകര്‍ക്കുന്നതായാണ് നിര്‍മാതാക്കളുടെയും സംവിധായകരുടെയും പരാതി.
ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം “ആറാട്ട്’ ഉൾപ്പടെ ഈ രീതിയില്‍ ആദ്യദിനം തന്നെ നെഗറ്റീവ് റിവ്യൂസ് വന്നിരുന്നു. ആദ്യഷോ കാണുന്നവരോട് പ്രതികരണം തേടിയും നേരിട്ട് അഭിപ്രായം പറഞ്ഞും സിനിമയുടെ ഭാവി തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് ആക്ഷേപം. ഇതുടര്ന്നായിരുന്നു വിലക്കുമായി ഫെഫ്ക രംഗത്തെത്തിയത്.
വ്യാഴാഴ്ച രണ്ട് സൂപ്പര്‍താര സിനിമകളാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ ക്രിസ്റ്റഫറും മോഹന്‍ലാലിന്റെ സ്ഥടികം ഫോര്‍ കെ ഫോര്‍മാറ്റുമാണ് തീയറ്ററുകളിൽ എത്തിയത്. ഇതില്‍ ക്രിസ്റ്റഫര്‍ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ നിര്‍ബന്ധ പ്രകാരമാണ് ഫെഫ്ക ഈ രീതിയില്‍ തീരുമാനം എടുത്തതെന്ന് പറയുന്നു.
എന്നാല്‍ ക്രിസ്റ്റഫര്‍ സിനിമയുടെ സംവിധായകന് കുടിയായ ബി. ഉണ്ണികൃഷ്ണന് ഇത് നിഷേധിച്ച് രംഗത്തെത്തി. എന്തായാലും ഫാന്‍സ് ഈ സംഭവം ഏറ്റെടുത്തതോടെ തിയറ്ററുകളില്‍ പലയിടത്തും കൈയാങ്കളിയായി.