കേളകം: നിര്‍ദിഷ്ട മട്ടന്നൂര്‍-മാനന്തവാടി വിമാനത്താവള റോഡിനായി കേരള റോഡ് ഫണ്ട് ബോർഡ് സ്ഥാപിച്ച അതിർത്തി കല്ലുകൾ പരിശോധിക്കുന്നതിനായി റവന്യൂ വകുപ്പിന്റെയും കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിശോധന ആരംഭിച്ചു.
ഫോർ വൺ നോട്ടിഫിക്കേഷന്‍ മുന്നോടിയായാണ് പരിശോധന. അമ്പായത്തോട് മുതൽ സർവേ കല്ല് സ്ഥാപിച്ച ഏഴ് കിലോമീറ്ററാണ് പരിശോധന നടത്തിയത്. തുടർന്നുള്ള ദൂരം അടയാളപ്പെടുത്തിയ സ്കെച്ചുകൾ റോഡ് ഫണ്ട് ബോർഡ് നൽകുന്ന പക്ഷം പരിശോധന തുടരും. സ്പെഷൽ തഹസിൽദാർ എം. ജീന, റവന്യൂ ഇൻസ്പെക്ടർ രമാദേവി, സർവെയർമാരായ എം. ഷാജേഷ്, ടി. മധു, അനിൽകുമാർ, ഷൈനി, കേരള റോഡ് ഫണ്ട് ബോർഡ് അസി. എൻജിനിയർ ടി.കെ. റോജി, സൈറ്റ് സൂപർവൈസർ ബിജേഷ് എന്നിവർ പരിശോധന സംഘത്തിലൂണ്ടായിരുന്നു.
ബൈപാസിലെ അതിർത്തി നിർണയം ഉടൻ ആരംഭിക്കുമെന്ന് പ്രവൃത്തി ഏറ്റെടുത്ത കരാർ കമ്പനി അറിയിച്ചു. എന്നാൽ, നഷ്ടപരിഹാരം നൽകിയാൽ മാത്രമേ ജനങ്ങളുടെ ആശങ്കക്ക് പരിഹാരമാവുകയുള്ളുവെന്ന് റസിഡൻസ് അസോസിയേഷൻ പ്രതിനിധി ജിൽസൺ മേക്കൽ പറഞ്ഞു.