22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • 2321 കുടുംബങ്ങൾക്ക് വീടൊരുക്കി പുനർഗേഹം പദ്ധതി
Kerala

2321 കുടുംബങ്ങൾക്ക് വീടൊരുക്കി പുനർഗേഹം പദ്ധതി

*ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷിത ഭവനങ്ങൾ

*2450 കോടി രൂപയുടെ ബൃഹത് പദ്ധതി

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം രൂക്ഷമായി കടലാക്രമണം നേരിടുന്ന മേഖലകളിലെ 2321 കുടുംബങ്ങളെ സംസ്ഥാന സർക്കാർ പുനർഗേഹം പദ്ധതിയിലൂടെ പുനരധിവസിപ്പിച്ചു.

മത്സ‌്യത്തൊഴിലാളി മേഖലയിലുള്ളവരുടെ പുനരധിവാസത്തിനായി സർക്കാർ 2450 കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. തീരദേശത്ത് രൂക്ഷമായ കടലാക്രമണ ഭീഷണയിൽ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങളേയും സുരക്ഷിത മേഖലയിൽ ഭവനമൊരുക്കി പുനരധിവസിപ്പിക്കുകയാണ് പുന‍ർഗേഹത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 21,220 കുടുംബങ്ങൾ ഇത്തരത്തിൽ തീരദേശത്ത് അധിവസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 8,675 കുടുംബങ്ങൾ സുരക്ഷിത മേഖലയിലേയ്ക്ക് മാറിത്താമസിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം 390 ഫ്ലാറ്റുകളും 1931 വ്യക്തിഗത ഭവനങ്ങളും നിർമ്മിച്ചു കഴിഞ്ഞു. 1184 ഫ്‌ലാറ്റുകളും 1373 ഭവനങ്ങളും നിർമാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിൽ ക്ഷീരവികസന വകുപ്പിൽ നിന്നും 8 ഏക്കർ വസ്തു ലഭ്യമാക്കി 50 കെട്ടിട സമുച്ചയം നിർമ്മിച്ച് 400 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്കും തുടക്കമിടുകയാണ്. തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് നിർവ്വഹണ മേൽനോട്ടം വഹിക്കുന്ന പദ്ധതി ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കോമൺ യൂട്ടിലിറ്റി ഉൾപ്പെടെ 635 ചതുരശ്ര അടി വിസ്തീർണ്ണമാണ് ഓരോ യൂണിറ്റിനും ഉള്ളത്. രണ്ട് കിടപ്പ് മുറിയും, ഒരു ഹാൾ, അടുക്കള, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഉണ്ടാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. സുരക്ഷിത മേഖലയിലേയ്ക്ക് മാറിതാമസിക്കുവാൻ സന്നദ്ധത അറിയിച്ചവർക്ക് സ്വന്തം നിലയിൽ 2 മുതൽ 3 സെന്റ് വരെ ഭൂമി വാങ്ങി വീട് നിർമ്മിക്കാനും, ഭൂമിയും വീടും ഒരുമിച്ച് വാങ്ങാനും, ഗ്രൂപ്പുകളായി ഭൂമി കണ്ടെത്തി ഫ്‌ലാറ്റ് നിർമ്മിക്കുവാനും കഴിയും. ഒരു കുടുംബത്തിന് ഇതിനായി പരമാവധി 10 ലക്ഷം രൂപയാണ് ധനസഹായം. ഇതിന് പുറമെ ഫിഷറീസ് വകുപ്പിന്റെ മേൽ നോട്ടത്തിൽ സർക്കാർ ഭൂമിയിലും സ്വകാര്യ ഭൂമി ഏറ്റെടുത്തും ഫ്‌ലാറ്റുകൾ നിർമ്മിച്ച് പുനരധിവസിപ്പിച്ചു വരുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ജില്ലാ കളക്ടർ ചെയർമാനും ജനപ്രതിനിധികൾ അംഗങ്ങളുമായ സുതാര്യ . സംവിധാനമാണുള്ളത്.

പുനർഗേഹം പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ കാരോട് 128 ഉം, ബീമാപള്ളിയിൽ 20 ഉം, മലപ്പുറം ജില്ലയിൽ പൊന്നാനിയിൽ 128 ഉം കൊല്ലം ജില്ലയിൽ ക്യുഎസ്എസ് കോളനിയിൽ 114 ഉം ഫ്‌ലാറ്റുകൾ ഉൾപ്പെടെ 390 ഫ്‌ലാറ്റുകൾ ഇതിനകം കൈമാറിയിട്ടുണ്ട്. 2018-ൽ മുട്ടത്തറയിൽ നിർമ്മിച്ച് കൈമാറിയ 192 ഫ്‌ലാറ്റുകൾക്ക് പുറമേയാണിവ. ആലപ്പുഴ ജില്ലയിലെ മണ്ണുംപുറത്ത് 228 ഫ്‌ലാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. തിരുവനന്തപുരം കാരോട് -24 , വലിയതുറ -192 , മുട്ടത്തറ -400, മലപ്പുറം പൊന്നാനി -100, ഉണ്ണിയാൽ -16, കോഴിക്കോട് വെസ്റ്റ് ഹിൽ – 80, കാസർഗോഡ് കോയിപ്പടി -144. എന്നിങ്ങനെയായി 1184 ഫ്‌ലാറ്റുകൾ നിർമിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ വലിയതുറയിലും വേളിയിലുമായി 2.37 ഏക്കർ ഭൂമി ലഭ്യമാക്കി 192 ഫ്‌ലാറ്റുകളുടെ നിർമ്മാണാനുമതിക്കുള്ള നടപടിയും പുരോഗമിക്കുന്നു.

ഇതിനു പുറമെ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മലപ്പുറം പൊന്നാനിയിൽ 100 ഉം, കോഴിക്കോട് വെസ്റ്റ്ഹില്ലിൽ 80 ഉം കാസർഗോഡ് കോയിപ്പാടിയിൽ 144 ഉം ഫ്‌ലാറ്റുകളുടെ ശിലാസ്ഥാപനം നടക്കും. കൂടാതെ ഗുണഭോക്താക്കൾ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ഭവനം നിർമ്മിച്ച 1150 ഭവനങ്ങളുടെ പൂർത്തീകരണവും നടക്കും.

Related posts

ഹോ​ട്ട​ലു​ക​ളി​ൽ ഇ​നി പൊ​ലീ​സി​ന്റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​വും.

Aswathi Kottiyoor

പതിറ്റാണ്ടിനിടെ ആത്മഹത്യയിൽ 20 ശതമാനം വർധന , ജീവനൊടുക്കിയവരിൽ 
79 ശതമാനവും സ്‌ത്രീകൾ

Aswathi Kottiyoor

വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി

Aswathi Kottiyoor
WordPress Image Lightbox