മയ്യഴിപ്പുഴയോര ടൂറിസം പദ്ധതിക്ക് ബജറ്റിൽ ഒരു കോടി. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ മറുപടി പ്രസംഗത്തിലാണ് മയ്യഴി വിനോദ സഞ്ചാര മേഖലയ്ക്ക് ആദ്യഘട്ടത്തിൽ ഒരുകോടി പ്രഖ്യാപിച്ചത്. എം മുകുന്ദന്റെ നോവലിലൂടെ മലയാളിക്ക് സുപരിചിതമായ മനോഹരമായ മയ്യഴിപ്പുഴയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി വിപുലമായ തീരദേശ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്.
മലബാർ റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ന്യൂമാഹി ബോട്ട് ടെർമിനലും എം മുകുന്ദൻ പാർക്കും അഴീക്കലിൽ കടൽത്തീരത്തെ മനോഹരമായ കൊതകൊത്തി പാറയുമെല്ലാം ന്യൂമാഹിയുടെ ടൂറിസം വികസനസാധ്യതകൾക്ക് മുതൽക്കൂട്ടാകുന്ന ഘടകങ്ങളാണ്.
അഴീക്കൽ ബീച്ചിൽനിന്നാരംഭിച്ച് ന്യൂമാഹി ബോട്ട് ടെർമിനൽവരെ ആകർഷകമായ നിലയിൽ വോക്ക് വേയും സൗന്ദര്യവൽക്കരണവുമാണ് മറ്റൊരുപദ്ധതി. പുഴയിലും കടലിലും സാഹസിക ടൂറിസം പദ്ധതികൾ, രുചികരമായ കടൽ വിഭവങ്ങൾ യാത്രികർക്ക് ലഭ്യമാക്കാൻ കഫ്റ്റീരിയകൾ, കിയോസ്കുകൾ എന്നിവയും ന്യൂമാഹി ടൗണിൽ ഒരു ഓപ്പൺസ്റ്റേജും നിർമിക്കും.
previous post