സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നവംബർ വരെ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ നഷ്ടമായത് 3829 ജീവനുകളാണ്. സംസ്ഥാനത്തൊട്ടാകെ 40008 റോഡപകടങ്ങളും നടന്നതായാണ് കണക്കുകൾ പറയുന്നത്. പോലിസ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കാണിത്. 45091 പേര് സാരമായ പരിക്കുകളോടെ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റോഡപടകങ്ങളുടെ എണ്ണത്തില്‍ കുറവുകളൊന്നും ഉണ്ടായിട്ടില്ല. ഇതിന് മുമ്പ് 2019ലും 2018ലുമാണ് ഇത്രയധികം റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ 41111 റോഡപകടങ്ങളാണ് നടന്നത്. 4440 പേര് മരിക്കുകയും 46055 പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു. 2018ല്‍ 40181 റോഡപകടങ്ങളുണ്ടായി. 4303 പേര് മരിച്ചു. 45458 പേര്‍ക്ക് പരുക്ക് പറ്റി. എറ്റവും കൂടുതല്‍ മരണം സംഭവിച്ചതും 2019ലാണ്. 2020 കോവിഡ് കാലത്താണ് എറ്റവും കുറവ് റോഡപടങ്ങള്‍ ഉണ്ടായത്. 27877 റോഡപടങ്ങളാണ് ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2979 പേരാണ് മരിച്ചത്.
സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുക, റോഡുകള്‍ അപകടമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ 2019ല്‍ ആവിഷ്ക്കരിച്ച സേഫ് കേരള പദ്ധതി പ്രയോജനം ചെയ്തിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ഓടെ റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, കോവിഡ് കാലം ജനങ്ങള്‍ വീടുകളിലായതിനാല്‍ മാത്രമാണ് അപകടങ്ങളുടെ എണ്ണം കുറഞ്ഞത്. 2020 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 12131 ഓളം അപകടങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തത്. 850 മരണങ്ങളും അധികം രേഖപ്പെടുത്തി.