മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർഥിച്ചു സഹോദരന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കു വേണ്ട നിർദേശങ്ങൾ ലഭിക്കുന്നതിനു വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ചു തുടർചികിത്സ ലഭ്യമാക്കണമെന്ന് സഹോദരൻ അലക്സ് വി. ചാണ്ടിയുടെ നേതൃത്വത്തിലുള്ള കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
2015ൽ തുടങ്ങിയ അർബുദബാധ ക്രമാതീതമായി വഷളായി. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ അതീവ ആശങ്കയുണ്ട്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അമേരിക്കയിലും ദുബായിലും സിഎംസി വെല്ലൂർ, ജർമനി എന്നിവിടങ്ങളിലെ ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും രോഗനിർണയമാണു പ്രധാനമായി നടന്നത്. ജർമനിയിലെ ചാരിറ്റി ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ബംഗളൂരുവിലെ എച്ച്എസ്ജി ആശുപത്രിയിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിൽ തുടർ ചികിത്സയ്ക്കു വിധേയനായി ജനുവരി ആദ്യം തിരുവനന്തപുരത്തു മടങ്ങിയെത്തി. അടിയന്തര ചികിത്സ ആവശ്യമുള്ളതിനാൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. അനുനിമിഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു.
മുഖ്യമന്ത്രിയായിരുന്ന സമുന്നത രാഷ്ട്രീയ നേതാവിന് ആവശ്യമായ ചികിത്സ ലഭിക്കാത്തത് സംസ്ഥാനത്തിനുതന്നെ അപമാനകരമാണ്. ഉമ്മൻ ചാണ്ടിക്കു നൽകാവുന്ന മികച്ച ചികിത്സ അടിയന്തരമായി ലഭ്യമാക്കാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെടണമെന്ന് അഭ്യർഥിക്കുന്നതായും കത്തിൽ പറയുന്നു.