2022-23 അധ്യയന വർഷം ആറാം പ്രവൃത്തി ദിവസത്തെ കണക്കനുസരിച്ച് ഒന്നു മുതൽ പ്ലസ്ടു വരെ സംസ്ഥാനത്ത് 46.61 ലക്ഷം വിദ്യാർഥികളെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. 46,61,138 വിദ്യാർഥികളാണ് ആകെ സ്കൂളുകളിലുള്ളത്. ഇതിൽതന്നെ ഒന്നു മുതൽ 10-ാം ക്ലാസ് വരെ ആകെ 38,32,395 കുട്ടികളാണുള്ളത്.
ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്. കൂടാതെ കഴിഞ്ഞ അധ്യയന വർഷമുണ്ടായിരുന്ന കുട്ടികൾക്ക് പുറമേ പൊതുവിദ്യാലയങ്ങളിൽ രണ്ടു മുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ പുതുതായി വന്നുചേർന്നു. ഇവരിൽ 44,915 പേർ സർക്കാർ വിദ്യാലയങ്ങളിലും 75,055 പേർ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയത്.
കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തിൽ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്ത് ആകെയുള്ള വിദ്യാർഥികളുടെ 20.35 ശതമാനം വിദ്യാർഥികൾ മലപ്പുറത്തുനിന്നാണ്. ഏറ്റവും കുറവ് കുട്ടികളുള്ളത് പത്തനംതിട്ട ജില്ലയിലും-2.25 ശതമാനം. മുൻ വർഷത്തേതുമായി താരതമ്യം ചെയ്യുന്പോൾ സർക്കാർ മേഖലയിൽ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലും വർധനയാണുള്ളത്.
അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാനഘട്ടത്തിലാണെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2022-23 അധ്യയന വർഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തികകളുടെ തസ്തിക നിർണയ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പൊതുവിദ്യാലയങ്ങളിൽ പുതുതായി പ്രവേശനം നേടിയവരിൽ ഏകദേശം 24 ശതമാനം വിദ്യാർഥികൾ അംഗീകൃത അണ് എയ്ഡഡ് വിദ്യാലയങ്ങളിൽനിന്നും, 76 ശതമാനം മറ്റിതര സിലബസുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽനിന്നും വന്നവരാണ്. സംസ്ഥാനതലത്തിൽ പൊതുവിദ്യാലയങ്ങളിൽ ഏറ്റവുമധികം കുട്ടികൾ പുതുതായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലാണ്. 32,545 വിദ്യാർഥികൾ. 28,791 വിദ്യാർഥികൾ എട്ടാം ക്ലാസിൽ പ്രവേശനം നേടി.
ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ ആകെ 3,84,625 വിദ്യാർഥികളും രണ്ടാം വർഷത്തിൽ 3,85,088 വിദ്യാർഥികളുമാണ് പഠിക്കുന്നത്. ഹയർ സെക്കൻഡറിയിൽ ആകെ 7,69,713 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 59,030 വിദ്യാർഥികളും പഠിക്കുന്നുണ്ട്.