*പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കും, പൊളിക്കുക 10 ലക്ഷത്തോളം, പുതിയത് വാങ്ങാന്‍ ബജറ്റില്‍ സഹായം.*
മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കുന്നതിനായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പ്രഖ്യാപിച്ച പദ്ധതിക്ക് ബജറ്റില്‍ പിന്തുണ പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നത് സമ്പദ്ഘടന നവികരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അഭിപ്രായപ്പെട്ടത്.
2021-22 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വാഹന പൊളിക്കല്‍ നയത്തിന് കരുത്തേകുന്നതിനായി ആദ്യഘട്ടമെന്നോണം കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായി ബജറ്റില്‍ പണം വകയിരുത്തുമെന്നാണ് ധനമന്ത്രി ഉറപ്പുനല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള പഴക്കം ചെന്ന വാഹനങ്ങളും ആംബുലന്‍സുകളും പൊളിക്കുന്നതിനും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും സമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ അഞ്ചാമത്തെ മുന്‍ഗണനയായിട്ടാണ് കാലപ്പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നത് ഇടംപിടിച്ചത്. ചെറിയ നാക്ക് പിഴയോടെയാണ് പഴയ വാഹനങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഓള്‍ പൊലൂട്ടിങ്ങ് വെഹിക്കിള്‍ എന്നത് ഓള്‍ഡ് പൊളിറ്റിക്കല്‍ എന്ന് വായിച്ചത് സഭയില്‍ ചിരി പടര്‍ത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഒന്‍പതു ലക്ഷത്തിലധികം വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നിരത്തില്‍നിന്ന് പിന്‍വലിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്. പൊതുമേഖലയിലുള്ളതും സഹകരണമേഖലയിലുള്ളതുമായ വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്നും 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണ് ഒഴിവാക്കുന്നതുമെന്നുമാണ് അദ്ദേഹം അറിയിച്ചിരുന്നത്.
നടപടി മലിനീകരണം കുറയ്ക്കും,. ഒപ്പം വാഹനനിര്‍മാണമേഖലയില്‍ ഉണര്‍വിനും കാരണമാകും. എഥനോള്‍, മെഥനോള്‍, ജൈവ സി.എന്‍.ജി., ജൈവ എല്‍.എന്‍.ജി. എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും വൈദ്യുതവാഹനങ്ങളും സാര്‍വത്രികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. പിന്‍വലിക്കുന്ന വാഹനങ്ങള്‍ക്കുപകരം മലിനീകരണം കുറവുള്ള ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.