ഇരിട്ടി: കേരള സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിലെ പഴയ പാലം റോഡ് കർണാടക പോലീസ് ബാരിക്കേഡ് വച്ച് അടച്ചു. പുതിയ പാലത്തിന് സമീപമാണ് കർണ്ണാടകം പഴയ പാലത്തിലേക്കുള്ള പഴയറോഡ് ബാരിക്കേഡ് വെച്ച് അടച്ചത്.
പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ പഴയ പാലത്തിലൂടെ ഗതാഗതം കുറഞ്ഞിരുന്നു. അതിർത്തിയിലെ പരിശോധനയുടെ ഭാഗമായി ഇതുവഴി ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് പോകാതിരിക്കാൻ പഴയ പാലത്തിലൂടെയുള്ള ഗതാഗതം കൂട്ടുപുഴ ഭാഗത്ത് കേരള പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. അതിർത്തിയിൽ കേരളത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്നേഹഭവനിലേക്ക് പോകാൻ ഇത് എളുപ്പ വഴിയായിരുന്നെങ്കിലും കേരളാ പോലീസ് ബാരിക്കേഡ് വെച്ച് പാലത്തിലൂടെയുള്ള വാഹനയാത്ര തടഞ്ഞെങ്കിലും പുതിയ പാലം വഴി പഴയ പാലം റോഡിലൂടെ കടന്ന് പോകാൻ കഴിയുമായിരുന്നു. ഈ റോഡ് കർണ്ണാടക ബാരിക്കേഡ് വെച്ച് അടച്ചതോടെ നൂറിലധികം വൃദ്ധരും മാനസിക വൈകല്യങ്ങളുമുള്ള അന്തേവാസികളുള്ള സ്നേഹ ഭവാനിലേക്കുള്ള യാത്രാ മാർഗ്ഗമാണ് തടയപ്പെട്ടിരിക്കുന്നത്. ഇതോടെ ഇവിടുത്തെ അന്തേവാസികൾക്ക് വിവിധതരത്തിലുള്ള സഹായങ്ങൾ എത്തിക്കുന്നവർക്ക് വാഹനങ്ങളിൽ ഇവിടെ എത്തുക പ്രയാസമായിരിക്കുകയാണ്. ഇവിടെ നിന്നും ഒരു കിലോമീറ്ററോളം അകലെ കിടക്കുന്ന സ്നേഹഭവൻ ഒറ്റപ്പെട്ട അവസ്ഥയിലായി. അസുഖങ്ങൾ വന്നാൽ പോലും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്ന കാര്യവും ദുഷ്കരമായി.
അതിർത്തി തർക്കത്തിന്റെ പേരിൽ രണ്ട് വർഷത്തോളം കൂട്ടുപുഴയിലെ പുതിയ പാലത്തിൻറെ നിർമ്മാണം കർണാടക വനം വകുപ്പ് തടഞ്ഞിരുന്നു. അതിർത്തിയിൽ മറ്റ് പ്രദേശങ്ങളിലും കർണാടക അതിർത്തി കയ്യേറ്റം നടത്തുന്നതായും പരാതിയുണ്ട്. ഈ പശ്ചാത്തലത്തിൽ കൂട്ടുപുഴ പഴയപാലം റോഡ് പൂർണ്ണമായും തങ്ങളുടെ അധീനതയിലാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നടപടി എന്നാണ് ആരോപണം.
കൂട്ടുപുഴയിൽ 1928ൽ ബ്രിട്ടീഷുകാർ പണിത പഴയപാലത്തെ പൈതൃകമായി സംരക്ഷിക്കുമെന്ന് കെ എസ് ടി പി പ്രഖ്യാപിക്കുകയും അതിൻറെ ഭാഗമായി അടുത്തിടെ 9 ലക്ഷം രൂപ ചിലവിൽ പാലം പെയിൻറിങ് പ്രവർത്തി ഉൾപ്പെടെ നടത്തി മോഡി കൂട്ടുകയും ഉപരിതലം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തിരുന്നു. കർണാടകയുടെ പുതിയ സമീപനത്തോടെ പഴയ പാലം ഇനി ഗതാഗതത്തിന് സമാന്തരപാതയായി പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറി.