ലഹരി ഉപയോഗിക്കുന്ന കൗമാരക്കാരിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത് കഞ്ചാവ് ആണെന്നു കണ്ടെത്തൽ. ഇവരിൽതന്നെ 75.66 ശതമാനം പേർ ലഹരിയിലേക്ക് എത്തിയത് പുകവലിയിലൂടെയാണ്.
മയക്കുമരുന്നു കേസിൽ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡി-അഡിക്ഷൻ കേന്ദ്രങ്ങളിലും കൗണ്സലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേർക്കിടയിൽ നടത്തിയ സർവേയിലാണ് ഈ വിവരം കണ്ടെത്തിയത്. സർവേയിൽ പങ്കെടുത്തവർ എല്ലാവരും 19 വയസിൽ താഴെയുള്ളവരാണ്.
70 ശതമാനവും പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ആദ്യമായി ലഹരി ഉപയോഗിച്ചത്. 15നും 19നും ഇടയിൽ ലഹരി ഉപയോഗം തുടങ്ങിയവർ 20 ശതമാനമാണ്. പത്തു വയസിനു താഴെയുള്ള പ്രായത്തിലാണ് ഒമ്പതു ശതമാനം പേർ ലഹരി ഉപയോഗം ആരംഭിച്ചത്.
ലഹരി എന്താണെന്നറിയാനാണ് 78 ശതമാനം പേരും ഉപയോഗിച്ചുതുടങ്ങിയത്. സ്വാധീനം മൂലം 72 ശതമാനം പേരും സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയിൽ 51.5 ശതമാനം പേരും ഉപയോഗിച്ചുതുടങ്ങിയെന്നും കണ്ടെത്തി. 79 ശതമാനം പേർക്കും സുഹൃത്തുക്കളിൽനിന്നാണ് ആദ്യമായി ലഹരിപദാർഥം ലഭിച്ചത്.
സർവേയുടെ ഭാഗമായവരിൽ 38.16 ശതമാനം പേർ ലഹരിവസ്തുക്കൾ കൂട്ടുകാർക്കു കൈമാറിയിട്ടുള്ളവരാണ്. 46 ശതമാനം വ്യക്തികളും ലഹരിപദാർഥങ്ങൾ ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുന്നവരാണ്. 80 ശതമാനവും കൂട്ടുകാരോടൊപ്പമാണ് ഉപയോഗിക്കുന്നത്. ഒറ്റയ്ക്ക് 20 ശതമാനം പേർ ലഹരി ഉപയോഗിക്കുന്നു.
മാനസിക സമ്മർദമുണ്ടാകുമ്പോൾ ലഹരി ഉപയോഗിക്കുന്ന 35.16 ശതമാനം പേരുമുണ്ട്. 46 ശതമാനവും ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുന്നവരാണ്.
ലഹരി ഉപയോഗിക്കുന്നവരിൽ 61.5 ശതമാനത്തിനും വായ് വരണ്ടുപോകുന്ന രോഗാവസ്ഥയുണ്ട്. ക്ഷീണം 52 ശതമാനത്തിനുണ്ട്. ഉറക്കം സംബന്ധിക്കുന്ന പ്രശ്നമുള്ളവരാണ് 38.6 ശതമാനം പേരും. അക്രമസ്വഭാവമുള്ള 37 ശതമാനവും ഡിപ്രഷനുള്ള 8.8 ശതമാനവും ഓർമപ്രശ്നമുള്ള 8.6 ശതമാനവും ആളുകളുണ്ട്.
എക്സൈസിലെ സോഷ്യോളജിസ്റ്റ് വിനു വിജയൻ, സൈക്കോളജിസ്റ്റ് റീജ രാജൻ എന്നിവരാണ് പഠനത്തിനു നേതൃത്വം നൽകിയത്. ഈ വിഷയത്തിൽ ഒരു ലക്ഷം പേരിൽനിന്നു വിവരശേഖരണം നടത്തി പൊതുജനങ്ങൾക്കിടയിൽ സമഗ്രമായ ഒരു സർവേ നടന്നുവരികയാണ്.
റിപ്പോർട്ട് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണൻ റിപ്പോർട്ട് ഏറ്റുവാങ്ങി.