അടുത്തമാസം ഒന്നുമുതൽ സംസ്ഥാനത്ത് കൂടുതൽ ശക്തമായ നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നതിന് ആരോഗ്യവകുപ്പ് തയാറെടുക്കുന്നു. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ഇനി സംസ്ഥാനത്തു പ്രവർത്തിക്കാനാകില്ല.
ഇത്തരം സ്ഥാപനങ്ങൾ എത്രയും വേഗം ലൈസൻസ് എടുക്കണം. ഫെബ്രുവരി ഒന്നു മുതൽ ഹൈൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഇവയില്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നത് ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ സ്വീകരിക്കും.
ഓരോ സ്ഥാപനവും ശുചിത്വ മേൽനോട്ടത്തിനായി സ്ഥാപനത്തിലെ ഒരാളെ ചുമതലപ്പെടുത്തണം. അടപ്പിച്ച സ്ഥാപനങ്ങൾ തുറന്നുകൊടുക്കുന്പോൾ മറ്റ് ന്യൂനതകൾ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ പരീശീലനവും നിർബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനം തുറന്നശേഷം ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുണ്ടാകുന്ന ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ അന്വേഷിച്ച് ആവശ്യമായ തുടർനടപടികൾ എടുക്കുന്നതിനും കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യുന്നതിനും മാർക്കറ്റിൽ മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ എത്തുന്നതിനു മുന്പായി തന്നെ തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുമായാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.
എഫ്എസ്എസ് ആക്ട് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്. ഭക്ഷണത്തിൽ മായം ചേർക്കുക എന്നത് ക്രിമിനൽ കുറ്റമാണ്. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന പരമാവധി നടപടികൾ സ്വീകരിക്കും. ഒരിക്കൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കണ്ട് മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമ തുടർനടപടികൾ വേഗത്തിലാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒരു പ്രത്യേക ഓഫീസറെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.