ഫിൻലൻഡിലെ വിദ്യാഭ്യാസ രീതികളിൽ കേരളീയ സാഹചര്യത്തിന് അനുയോജ്യമായവ ഇവിടെ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി . ഫിൻലൻഡ് വിദ്യാഭ്യാസ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്..
പ്രീപ്രൈമറി വിദ്യാഭ്യാസം, ഗണിതം, സയൻസ് മേഖലകളിലെ പഠനരീതികൾ, ടീച്ചർ ട്രെയിനിംഗ്, മൂല്യനിർണയ രീതികൾ, ഗവേഷണ മേഖലകളിലെ സഹകരണം എന്നീ മേഖലകളിൽ കഴിഞ്ഞ ഡിസംബറിൽ ആദ്യഘട്ട ചർച്ച നടത്തിയിരുന്നു.
പരസ്പര സഹകരണം സംബന്ധിച്ച് കൂടുതൽ ചർച്ചകൾക്കാണ് ഫിൻലൻഡിൽനിന്ന് രണ്ടാം സംഘം എത്തിയത്. ചർച്ചയിൽ അവർ പങ്കുവച്ച നൂതനാശയങ്ങൾ പാഠ്യപദ്ധതി പരിഷ്കരണ ചർച്ചാവേളയിൽ ഉപയോഗപ്പെടുത്തും. കേരളത്തിലെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്ന സാഹചര്യത്തിൽ ഈ സന്ദർശനവും ചർച്ചകളും കൂടുതൽ ഗുണകരമാകുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.