ഇരിട്ടി: ബാവലിപ്പുഴയുടെ കൈവരിയായ പാലപ്പുഴ പ്രകൃതിരമണീയത കൊണ്ട് ഏവരെയും ആകർഷിക്കുന്ന ഇടമാണ്. എന്നാൽ തുടരെയുള്ള അപകടമരണം പ്രദേശത്തെ പേടിസ്വപ്നമാക്കി മാറ്റി. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഇവിടെ ഒരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കാത്തതാണ് അപകടം വർധിക്കാൻ കാരണം.
പാലപ്പുഴ -പെരുമ്പുന്ന ഹൈവേ റോഡിനോട് ചേർന്നാണ് ആരെയും ആകർഷിക്കുന്ന വിധം പുഴ ഒഴുകുന്നത്. പ്രദേശത്ത് വിനോദത്തിനിടെ കുളിക്കാനും നീന്താനും ഇറങ്ങുന്നവരാണ് അപകടത്തിൽപെടുന്നത്. പുഴയോട് ചേർന്നുള്ള അരിക് വെള്ളം കുറഞ്ഞ ഇടമാണ്. കാണാൻ ശാന്തവും. ഏവരെയും ആകർഷിക്കുന്ന മനോഹരവും പാറക്കെട്ടുകളും നിറഞ്ഞ ഈ പ്രദേശത്ത് ചതി ഒളിഞ്ഞിരിക്കുന്ന നിരവധി ചുഴികളുണ്ട്. നീന്തൽ അറിയുന്നവർ പോലും ഇത്തരം ചുഴികളിൽ അകപ്പെടുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. മൂന്ന് വർഷത്തിനിടെ പാലപ്പുഴ കവർന്നത് മൂന്ന് ജീവനുകളാണ്.
അതോടൊപ്പം നിരവധിയപകടങ്ങളും നടന്നിട്ടുണ്ട്. മരണമടഞ്ഞവരിൽ രണ്ട് യുവാക്കളും ഒരു മധ്യവയസ്കനും പെടും. കഴിഞ്ഞ ചൊവ്വാഴ്ച സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ പേരാവൂർ തെരുവിലെ കാരിത്തടത്തിൽ പ്രിൻസ് എന്ന ചെറുപ്പക്കാരന്റെ ജീവനാണ് അവസാനമായി പുഴ കവർന്നത്. തുടരെ അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടും പഞ്ചായത്തോ മറ്റ് ബന്ധപ്പെട്ടവരോ തിരിഞ്ഞു നോക്കാത്തത്തിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്. ഇവിടെ എത്രയും പെട്ടെന്ന് മുന്നറിയിപ്പ് ബോർഡുകൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.