കാസർഗോഡ് നിന്ന് 12 ദിവസം മുമ്പ് കാണാതായ കമിതാക്കളെ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കള്ളാറിലെ ഓട്ടോ ഡ്രൈവർ ഒക്ലാവിലെ കെ.എം.മുഹമ്മദ് ഷെരീഫ് (40), ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാസര്‍കോട് കല്ലാര്‍ സ്വദേശിയാണ് മുഹമ്മദ് ഷെരീഫ്. ഷെരീഫിൻ്റെ അയൽക്കാരിയാണ് സിന്ധു. കാണാതായതിനു പിന്നാലെ ഇവരുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഗുരുവായൂരിലെ ലോഡ്ജിൽ വച്ച് ഇരുവരും തൂങ്ങി മരിക്കുന്നത്.
ഷെരീഫും സിന്ധുവും വേറെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു. സിന്ധുവിന് രണ്ടും ഷെരീഫിന് മൂന്നും മക്കളുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറാണ് മുഹമ്മദ് ഷെരീഫ്. സിന്ധു വീട്ടമ്മയും. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. അയൽക്കാരായതുകൊണ്ടുതന്നെ ഈ അടുപ്പം ആരും ശ്രദ്ധിച്ചിരുന്നില്ല. ഇരുവരും തമ്മിൽ സൗഹൃദമാണെന്നു മാത്രമേ കരുതിയിരുന്നുള്ളു. കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഇവരുടെ സൗഹൃദത്തെക്കുറിച്ച് അറിയാമായിരുന്നു.എന്നാണ് പുറത്തു വരുന്ന വിവരം. സിന്ധു വിവിധ ആവശ്യങ്ങൾക്കായി പുറത്തു പോകുമ്പോൾ ഷെരീഫിൻ്റെ ഓട്ടോയിലായിരുന്നു യാത്ര. ഈ യാത്രകളിലാണ് ഇരുവരും തമ്മിലുള്ള അടുപ്പം വർദ്ധിച്ചതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തതെന്നാണ് വിവരം. പിറ്റേന്ന് ഉച്ചയ്ക്ക് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും ഇരുവരും വാതില്‍ തുറന്നില്ല. സംശയം തോന്നി ലോഡ്ജിലെ ജീവനക്കാര്‍ ജനല്‍ തുറന്നപ്പോഴാണ് തൂങ്ങി നിൽക്കുന്ന രീതിയിൽ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഷെരീഫും സിന്ധുവും ലോഡ്ജിൽ മുറിയെടുത്തപ്പോൾ നൽകിയിരുന്നത് യഥാർത്ഥ വിലാസം തന്നെയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കാണപ്പെട്ടതിനു പിന്നാലെ ലോഡ്ജിലെ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.