22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കേരളത്തിൽ വീണ്ടും നോറോവൈറസ്; മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ
Kerala

കേരളത്തിൽ വീണ്ടും നോറോവൈറസ്; മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ

എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ വിദ്യാർഥികളിലാണ് രോഗബാധ കണ്ടെത്തിയത്. ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗബാധയുള്ള മൂന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോ​ഗവ്യാപനം ഉണ്ടാകാതിരിക്കാൻ അടുത്ത മൂന്നുദിവസത്തേക്ക് സ്കൂളിന് അവധി പ്രഖ്യാപിച്ചു. കൂടുതൽ വിദ്യാർഥികളിൽ രോ​ഗ ബാധ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകളും നടന്നു വരികയാണ്.

സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാർഥികൾക്കും രക്ഷിതാക്കളിൽ ചിലർക്കും ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച രണ്ടു സാമ്പിളുകളും പോസിറ്റീവായി. ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ല ആരോഗ്യവകുപ്പിൽ നിന്നുള്ള സംഘം സ്ഥലം സന്ദർശിച്ചു. ശുചിമുറികളും ക്ലാസുകളും അണു വിമുക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. രോഗ ലക്ഷണങ്ങൾ ഉള്ളവർ നിരീക്ഷണത്തിൽ തുടരുന്നതിനും നിർദേശിച്ചിട്ടുണ്ട്.

എന്താണ് നോറോ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. സാധാരണയായി ശൈത്യകാലങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത്.

രോഗം പകരുന്നതെങ്ങനെ?
നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടെന്ന് രോഗം പകരുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

രോഗ ലക്ഷണങ്ങള്‍
നോറോവൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 12 മുതൽ 48 മണിക്കൂറിനുള്ളിൽ തന്നെ ഇതിന്‍റെ അണുബാധകൾ പ്രകടമായി തുടങ്ങും. വയറിളക്കം, വയറുവേദന, ഛര്‍ദി, മനം പുരട്ടല്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. ഇത് ജീവന് വരെ ഭീഷണിയാകാറുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവർ, ചെറിയ കുട്ടികൾ, പ്രായമായവർ, അവയവ സ്വീകർത്താക്കൾ എന്നിവരിൽ നിർജ്ജലീകരണം നടക്കാനുള്ള സാധ്യത കൂടുതലാണ്.

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം
രോഗ ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. മിക്കവാറും പേരില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറും. പക്ഷേ, രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ മൂന്നുദിവസം വരെ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഇതിന് ശേഷവും രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പരിസരശുചിത്വവും വ്യക്തിശുചിത്വവും ഏറെ പ്രധാനമാണ്
ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക
മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം
കുടിവെള്ള സ്രോതസ്സുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക
ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക
കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക
ഇവ കൈകാര്യം ചെയ്തതിന് ശേഷം സോപ്പുപയോഗിച്ച് കൈയും പാത്രവും കഴുകുക
പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക
ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവുമാണ് നോറോ വൈറസ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം

Related posts

കുടിശിക: സർക്കാർ ഓഫിസുകളിലെ വാട്ടർ കണക്‌ഷൻ വിഛേദിക്കും

Aswathi Kottiyoor

വാർഡ്തല സമിതികൾ ശക്തമാക്കും, ആവശ്യക്കാർക്ക് ഭക്ഷണം ലഭ്യമാക്കും

Aswathi Kottiyoor

കാലാവസ്ഥാ വ്യതിയാനം പശ്ചാത്തലമാക്കിയ ഉതമയ്ക്ക് സുവർണ ചകോരം

Aswathi Kottiyoor
WordPress Image Lightbox