ഉളിക്കൽ : ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടു മഹോത്സവത്തിൻ്റെ വലിയതിരുവത്താഴം അരിയളവിനുള്ള അരിയുമായി കാളകൾ ക്ഷേത്രത്തിലെത്തി. കർണ്ണാടകത്തിലെ കുടക് ജില്ലയിലെ പുഗേര മനയിൽ നിന്നും കർണാടക ഫോറസ്റ്റിലെ പാരമ്പര്യ വഴികളിലൂടെ സഞ്ചരിച്ച് ശനിയാഴ്ച രാവിലെയാണ് കുടകരുടെ നേതൃത്വത്തിലുള്ള സംഘം കാളപ്പുറത്ത് അരിയുമായി ക്ഷേത്ര നടയിലെത്തിയത്. പതിറ്റാണ്ടുകളായി പതിവ് തെറ്റിക്കാതെ നടക്കുന്ന ഒരു ആചാരമാണ് ഇത്.
പുരാതനകാലം മുതൽക്കുതന്നെ അരിയളവി (പേറളവ്) നുള്ള അരിയുമായി കാളപ്പുറത്ത് കാൽനടയായി വരുന്ന പതിവ് ഇക്കുറിയും ആചാരത്തിൻ്റെ ഭാഗമായി നടന്നു. കാളപ്പുറത്ത് കൊണ്ടുവരുന്ന അരി ഞായറാഴ്ച രാവിലെ കാളപ്പുറത്ത് വച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം ചെയ്ത ശേഷം കൊട്ടാരത്തിനു മുന്നിൽ പാരമ്പര്യ അടിയന്തിരക്കാർ അളക്കും. പുഗേര മനക്കാരുടെ അരി ഞായറാഴ്ചയും കുടകിലെ വിവിധ മനക്കാരുടെ അരി തിങ്കളാഴ്ചയുമാണ് അളക്കുക. ക്ഷേത്രനടയിൽ എത്തിയ കാളകളെ ചെയർമാൻ ഒ.വി. രാജൻ, ട്രസ്റ്റീ ബോർഡ് മെമ്പർ ഹരിദാസ് പള്ളിയത്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഞായറാഴ്ച വൈകുന്നേരം കുടകരുടെ പാട്ട്, വലിയ തിരുവത്താഴം എന്നിവ നടക്കും.