മൂന്നാർ ∙ തോട്ടം മേഖലയിൽ കാട്ടുകൊമ്പൻ ‘പടയപ്പ’യുടെ ആക്രമണം വീണ്ടും. പാതയോരത്തു നിർത്തിയിട്ടിരുന്ന മിനിലോറിയുടെ ചില്ലുകളും വീടിനു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും പടയപ്പ അടിച്ചുതകർത്തു. ഒരു തോട്ടത്തിലെ ബട്ടർ ബീൻസ് കൃഷിയും നശിപ്പിച്ചു. ബുധനാഴ്ച രാത്രി 12നായിരുന്നു സംഭവം.പെരിയവരയിൽ നിർമാണക്കരാറുകാരന്റെ മിനിലോറിയാണു തകർത്തത്.
പെരിയവരൈ ലോവർ ഡിവിഷനിൽ പി.പ്രദീപിന്റെ ഓട്ടോറിക്ഷ അടിച്ചുതകർക്കുകയും ചെയ്തു. സമീപത്തുള്ള ചെല്ലദുരൈ, ജയപാൽ എന്നിവരുടെ കൃഷിയിടത്തിലെ വിളവെടുപ്പിനു തയാറായിരുന്ന ബീൻസ് പടയപ്പ തിന്നുനശിപ്പിച്ചു. ഇരുവർക്കുമായി 60,000 രൂപയുടെ നഷ്ടമുണ്ടായി. മദപ്പാട് കണ്ടുതുടങ്ങിയ പടയപ്പ ഒരു മാസമായി അക്രമാസക്തനാണ്. രണ്ടു ദിവസം മുൻപു കന്നിമല ടോപ് ഡിവിഷനിൽ പട്ടാപ്പകലിറങ്ങി തൊഴിലാളികളുടെ ഉച്ചഭക്ഷണപ്പാത്രങ്ങളടക്കം തകർത്തിരുന്നു.പടയപ്പയെ വിരട്ടിയ വാഹനം കസ്റ്റഡിയിൽ
∙ കഴിഞ്ഞ ദിവസം പടയപ്പയെ വിരട്ടാനുപയോഗിച്ച വാഹനം വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കെഡിഎച്ച് കമ്പനി കടലാർ എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിലെ ചുടലെയുടെ ജീപ്പാണു മൂന്നാർ റേഞ്ചർ അരുൺ മഹാരാജ കസ്റ്റഡിയിലെടുത്തത്.
ചുടലെ ഒളിവിലാണ്. മൂന്നാർ- കടലാർ റൂട്ടിൽ പാതയോരത്തു നിന്ന പടയപ്പയെ ഈ വഴിയെത്തിയ ചുടലെ വാഹനം ഇരപ്പിച്ചും ഹോൺ മുഴക്കിയും പ്രകോപിപ്പിച്ചെന്നാണു കേസ്.