ഉരുവച്ചാൽ: വാഹനാപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്കർ ഇടിച്ചു തെറിപ്പിച്ച് സ്വകാര്യ ബസുകളുടെ ചീറിപ്പായൽ.
സ്പീഡ് ബ്രേക്കർ ഇടിച്ച് തെറിപ്പിച്ച ബസ് ഡ്രൈവറുടെ പേരിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. ഉരുവച്ചാൽ ഐഎംസി ആശുപത്രിക്ക് മുന്നിലെ സ്പീഡ് ബ്രേക്കർ ബോർഡാണ് അമിത വേഗത്തിലെത്തിയ ബസ് ഇടിച്ച് തെറിപ്പിച്ചത്.
തലശേരിയിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുണ ബസാണ് അമിത വേഗത്തിലെത്തി ബോർഡ് ഇടിച്ചു തെറിപ്പിച്ചത്. ദൃശ്യം ടൗണിലെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
ഇത് മട്ടന്നൂർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ മട്ടന്നൂർ സിഐ എം. കൃഷ്ണൻ ബസ് ഡ്രൈവറുടെ പേരിൽ കേസെടുക്കുകയായിരുന്നു.
ഉരുവച്ചാലിൽ വാഹനാപകടം വർധിച്ച സാഹചര്യത്തിലാണ് അടുത്തിടെ മട്ടന്നൂർ പോലീസിന്റെ നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.
ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങളുടെ വേഗത കുറച്ച് അപകടം ഇല്ലാതാക്കാനാണ് ടൗണിൽ ബ്രേക്കർ സ്ഥാപിച്ചത്.നിയമം ലംഘിച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.