• Home
  • Kerala
  • ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക്സ് മേഖലയിൽ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ ആരംഭിച്ച ആദ്യ
Kerala

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക്സ് മേഖലയിൽ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ ആരംഭിച്ച ആദ്യ

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക്സ് മേഖലയിൽ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ ആരംഭിച്ച ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. ഗുണമേന്മയുടെ പര്യായമായി രാജ്യം കാണുന്ന നിരവധി ഉപകരണങ്ങൾ നിർമിച്ചുനൽകിയിട്ടുള്ള കെൽട്രോൺ 50-ാം വയസ്സിലേക്ക് കടക്കുകയാണ്. കേരളത്തിന്റെ വ്യവസായമേഖലയിൽ പുത്തനുണർവ്വ് കൈവരിക്കുന്നതിനായി 1973ൽ ആരംഭിച്ച കെൽട്രോണിന്റെ ഉദ്ഘാടനം തിരുവനന്തപുരം വിജെടി ഹാളിൽ അറ്റോമിക് എനർജി കമീഷൻ ചെയർമാൻ ഡോ. എച്ച് എൻ സെത്നയാണ് നിർവഹിച്ചത്. ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനുവേണ്ടി 5000 ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ സെറ്റ് നിർമിച്ചുനൽകുന്നതിനുള്ള കരാർ ഒപ്പിട്ടുകൊണ്ടാണ് ഇലക്ട്രോണിക്സ് മേഖലയിലെ അതികായർക്കൊപ്പമുള്ള മത്സരത്തിന് കെൽട്രോൺ തുടക്കമിട്ടത്. ഒരു ബ്രാന്റെന്ന നിലയിൽ കേരളത്തിന്റെ കുതിപ്പിന് ഏറെ സഹായകമായിരുന്നു കെൽട്രോണിന്റെ വളർച്ച.

1990കളിൽ രാജ്യത്തെ വിപണിനയത്തിൽ വന്ന മാറ്റം കെൽട്രോണിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെ മറികടക്കാൻ നടത്തിയ സർക്കാരിന്റെ ശ്രമങ്ങളും ഇലക്ട്രോണിക്സ് എൻജിനിയറിങ് മേഖലയിലെ കെൽട്രോണിന്റെ പ്രവൃത്തിപരിചയവും പുതിയ മേഖലകളിലേക്ക് വിപുലീകരിക്കാൻ സഹായകമായി. പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയാണ് കെൽട്രോണിന്റെ മുഖ്യമായ കരുത്ത്. നാവികസേനയ്ക്കുവേണ്ടി ഒട്ടനവധി ഉൽപ്പന്നങ്ങൾ കെൽട്രോൺ വർഷങ്ങളായി നിർമിക്കുന്നുണ്ട്. സി- ഡാക്കിന്റെയും എൻപിഒഎല്ലിന്റെയും സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തദ്ദേശീയമായി നിർമിച്ച്‌ നാവികസേനയ്‌ക്ക് നൽകുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി അടുത്തിടെ വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിൽ ഉൾപ്പെടെ കെൽട്രോൺ വിവിധ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. ഐഎസ്ആർഒ, വിഎസ്എസ്‌സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉപകരണങ്ങൾ നിർമിക്കുന്നു.

ഇന്ത്യയിൽ വളരെയേറെ സാധ്യതയുള്ള റോഡ് സുരക്ഷാമേഖലയിൽ ഒട്ടേറെ പദ്ധതികൾ കെൽട്രോൺ നിർവഹിച്ചുവരികയാണ്. ട്രാഫിക് സംവിധാനം, സർവൈലൻസ് കാമറകൾ, നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്പീഡ് ഡിറ്റക്‌ഷൻ, റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്‌ഷൻ കാമറകൾ തുടങ്ങിയ റോഡ് സുരക്ഷയ്ക്കുള്ള എൻഫോഴ്സ്മെന്റ് സംവിധാനം എന്നിവ കെൽട്രോൺ നൽകുന്നുണ്ട്. വൻനഗരങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ കെൽട്രോൺ സ്ഥാപിക്കുന്നുണ്ട്.

എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയമായ ഇലക്ട്രോണിക് ഇക്കോ സിസ്റ്റം കേരളത്തിൽ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കെൽട്രോൺ. അതോടൊപ്പം യൂണിറ്റുകളിലെ നിർമാണ സംവിധാനങ്ങളും യന്ത്ര ഉപകരണങ്ങളും ആധുനികവൽക്കരിക്കാനും നവീകരിക്കാനും സർക്കാർ സഹായത്തോടെ പദ്ധതിനടന്നുവരികയാണ്. 2024ഓടെ 1000 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ ലക്ഷ്യം കൈവരിക്കുന്നതോടെ വീണ്ടും രാജ്യത്തെ ഇലക്ട്രോണിക്സ് മേഖലയിൽ പ്രധാന ശക്തിയായി കെൽട്രോണിന് മാറാനാകും. ഇതിനുള്ള ഊർജ്ജിതമായ ശ്രമങ്ങളാണ് ഈ സർക്കാർ നടത്തുന്നതും.

Related posts

ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കാന്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി.

Aswathi Kottiyoor

ജോലിക്കയറ്റത്തിന് ജീവനക്കാര്‍ ഇനി പഠിക്കണം.

Aswathi Kottiyoor

കൊവിഡ് നെഗറ്റീവായി മരിച്ചവരുടെ മക്കൾക്കും സഹായം; 3.19 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox