ബത്തേരി: കടുവയുടെ ആക്രമണത്തിനിരയായ പുതുശ്ശേരിയിലെ തോമസിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന ആരോഗ്യമന്ത്രിയുടേയും വനം മന്ത്രിയുടേയും കണ്ടെത്തല്‍, തോമസിന്റെ കുടുംബത്തോടും വയനാട്ടുകാരോടുമുള്ള വെല്ലുവിളിയാണെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. വയനാട് മെഡിക്കല്‍ കോളേജില്‍നിന്നും വ്യക്തമായ ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ ഒരു സമിതിയെ നിയോഗിച്ചുകൊണ്ട് വ്യക്തമായി അന്വേഷണം നടത്തണം.പ്രാഥമിക ചികിത്സാ സൗകര്യംപോലുമില്ലാത്ത വയനാട് മെഡിക്കല്‍ കോളേജില്‍നിന്നും, യാതൊരു മുന്‍കരുതലുമില്ലാതെ സാധാരണ രോഗിയെ കൊണ്ടുപോകുന്ന ലാഘവത്തോടെ തോമസിനെ ആംബുലന്‍സില്‍ കയറ്റിവിട്ടതാണ്അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയതെന്നും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ആരോപിച്ചു
പരിക്കേറ്റ് മെഡിക്കല്‍ കോളേജിലെത്തുന്ന ഒരു രോഗിയെ കൃത്യമായി പരിശോധിച്ച് അവര്‍ക്കാവശ്യമായ ചികിത്സ നല്‍കുന്നതിനുള്ള കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്. മാനന്തവാടിയിലെ മെഡിക്കല്‍ കോളേജില്‍നിന്നും 108 ആംബുലന്‍സിലാണ് തോമസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കയച്ചത്. ജില്ലയിലുള്ള മറ്റ് ആശുപത്രികള്‍ സംയോജിപ്പിച്ച് 30 കിലോമീറ്ററിനുള്ളില്‍ സഞ്ചരിക്കാനേ 108 ആംബുലന്‍സിന് അനുമതിയുള്ളൂ. രക്തം വാര്‍ന്നൊഴുകുന്ന ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ ഐ.സി.യു വെന്റിലേറ്റര്‍ ആംബുലന്‍സിലായിരുന്നു കൊണ്ടുപോകേണ്ടിയിരുന്നത്. തോമസിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നുംഈ വിഷയങ്ങള്‍ സൂചിപ്പിച്ച് ആരോഗ്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.