സംസ്ഥാനത്തു വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം കാത്ത് എണ്ണായിരത്തിലധികം കര്‍ഷകര്‍. കൃഷി നശിപ്പിക്കല്‍, വീട്ടുമുറ്റത്തും റോഡിലും വച്ച് വാഹനം തകര്‍ക്കല്‍, ആളുകളെ ആക്രമിക്കല്‍ തുടങ്ങിയ ഇനത്തിലുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളിലാണു നടപടികള്‍ നീളുന്നത്.
8231 കര്‍ഷകരാണു നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത്. കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കര്ഷകന് മരിച്ച വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത്-2070 പേര്.
കണ്ണൂരില്‍ 2059 കര്‍ഷകര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ്-753, പാലക്കാട്- 599, കോഴിക്കോട്-557, തിരുവനന്തപുരം-445, പത്തനംതിട്ട-359, എറണാകുളം-393 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ കര്‍ഷകർ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത്.
പലതവണ വനംവകുപ്പിന്റെ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും തീരുമാനം നീളുകയാണ്. വന്യജീവി ആക്രമണം തടയുന്നതിനു നിലവിലുള്ള നടപടികള്‍കൊണ്ട് യാതൊരു കാര്യവുമില്ലെന്നു കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കര്‍ഷകരെ വിശ്വാസത്തിലെടുത്തുള്ള കര്‍ശനമായ നപടികളാണു വേണ്ടതെന്നു കര്‍ഷക സംഘടനകള്‍ പറയുന്നു.