കന്നുകാലികളിലെ ചർമ മുഴയ്ക്കെതിരേ ഒരു മാസം നീളുന്ന സൗജന്യ പ്രതിരോധ കുത്തിവയ്പിന് ഇന്നു തുടക്കമാകും.
പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ. കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലും രോഗം പടരുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. കുത്തിവയ്പിനായി 10 ലക്ഷം ഡോസ് വാക്സിൻ സംഭരിച്ചു.
ചർമ മുഴ വൈറസ് രോഗമാണ്. പോക്സ് വൈറസുകളുടെ കുടുംബത്തിലെ കാപ്രിപോക്സ് വിഭാഗത്തിൽപ്പെടുന്ന എൽഎസ്ഡി വൈറസുകളാണ് ചർമ മുഴയുണ്ടാക്കുന്നത്. പശുക്കളെയും എരുമകളെയും ബാധിക്കുന്ന രോഗം കൊതുക്, കടിയീച്ച, ചെള്ള് തുടങ്ങിയ രക്തംകുടിക്കുന്ന ബാഹ്യപരാദങ്ങൾ വഴിയാണു പടരുന്നത്.
രോഗബാധയുള്ള പശുക്കളിൽനിന്ന് മറ്റു പശുക്കളിലേക്കും പശുക്കുട്ടികളിലേക്കും രോഗം പകരും. പനി, തീറ്റ മടുപ്പ്, കണ്ണിൽ നിന്നും മൂക്കിൽ നിന്നും നീരൊലിപ്പ്, ഉമിനീര് പതഞ്ഞൊലിക്കൽ തുടങ്ങിയവയാണ് പ്രഥമ ലക്ഷണങ്ങൾ.
പിന്നീട് രണ്ടുമുതൽ അഞ്ചുവരെ സെന്റീമീറ്റർ വ്യാസമുള്ള മുഴകൾ തല, കഴുത്ത, കൈകാലുകൾ, അകിട് തുടങ്ങിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെടും. അടുത്ത ഘട്ടത്തിൽ മുഴകൾ പൊട്ടിയൊലിച്ച് വ്രണങ്ങളായി പുഴുവരിക്കും. അതിനാൽ രോഗപരിപാലനം ബുദ്ധിമുട്ടാകും. വായിലും അന്നനാളത്തിലും മുഴ വരുന്നതോടെ തീറ്റയെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും. ശ്വാസനാളത്തിലും ശ്വാസകോശത്തിലും വരുന്ന മുഴകൾ ന്യൂമോണിയ ഉണ്ടാക്കും. ഇത് പൊട്ടിയൊലിക്കുന്നത് മരണകാരണമാകും. രോഗംമൂലം ഉത്പാദന നഷ്ടം വലുതാണെന്ന് കണക്കാക്കുന്നു.