31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഓരോ പഞ്ചായത്തിലും ടൂറിസം കേന്ദ്രം
Kerala

ഓരോ പഞ്ചായത്തിലും ടൂറിസം കേന്ദ്രം

ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം എന്ന പദ്ധതിയുമായി കേരള ടൂറിസം വകുപ്പ്‌ മുന്നോട്ട്‌. സഞ്ചാരികളെ ആകർഷിക്കാൻ മികച്ച സാധ്യതയുള്ളതും എന്നാൽ പുറത്ത്‌ അറിയപ്പെടാത്തതുമായ സ്ഥലങ്ങളെ പ്രചരിപ്പിക്കുകയാണ്‌ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നതെന്ന്‌ കേരള ടൂറിസം അധികൃതർ മാധ്യമങ്ങളോട്‌ പറഞ്ഞു.

കടലോരങ്ങളിലും കായലുകളിലും ഹിൽസ്‌റ്റേഷനുകളിലും മാത്രമായിരിക്കില്ല ഇനി ശ്രദ്ധിക്കുക. കാരവൻ സ്‌റ്റേ, സാഹസിക യാത്രകൾ, പൈതൃക– സാംസ്‌കാരിക കേന്ദ്രങ്ങളിലേയ്‌ക്ക്‌ യാത്ര എന്നിങ്ങനെ വൈവിധ്യമാർന്ന അനുഭവങ്ങൾ സഞ്ചാരികൾക്ക്‌ ലഭിക്കുന്ന ടൂറിസം കേന്ദ്രമായി കേരളത്തെ വളർത്തിയെടുക്കും. സുസ്ഥിര ടൂറിസം വികസനം പ്രാദേശിക സമൂഹങ്ങൾക്ക്‌ മുതൽകൂട്ടാകുന്ന തരത്തിലേയ്‌ക്ക്‌ മാറിയാലേ അർഥപൂർണമാകൂ എന്ന്‌ ഡൽഹിയിൽ നടത്തിയ വാണിജ്യ സംഗമത്തിനു നൽകിയ സന്ദേശത്തിൽ ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.
ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷം കേരളം സർവകാല നേട്ടം കൈവരിച്ചു. ആദ്യ ഒൻപത്‌ മാസത്തിൽ 1.33 കോടി വിനോദസഞ്ചാരികളാണ്‌ കേരളത്തിൽ എത്തിയത്‌. കോവിഡിന്‌ മുമ്പുള്ള കാലത്തെക്കാൾ ഇരട്ടിയോളമാണിത്‌. വിവാഹ വിനോദസഞ്ചാരത്തിന്‌ ഏറ്റവും സാധ്യതയുള്ള സ്ഥലമായി കേരളത്തെ അവതരിപ്പിക്കും. സ്ഥലങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി ഇംഗ്ലീഷ്‌, ഹിന്ദി, മലയാളം ഭാഷകളിലെ ബ്രോഷറുകളായി ഓൺലൈൻ വഴിയും പ്രമോഷൻ നടത്തുന്നു.

ചണ്ഡീഗഡ്‌, ജയ്‌പുർ, ലഖ്‌നൗ എന്നിവിടങ്ങളിൽ കേരള ടൂറിസത്തിന്റെ റോഡ്‌ ഷോ സംഘടിപ്പിക്കും. അഹമ്മദാബാദ്‌, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ വാണിജ്യസംഗമങ്ങളും നടത്തുമെന്ന്‌ കേരള ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളീയ കലാരൂപങ്ങളും കളരിപ്പയറ്റും അവതരിപ്പിച്ചു.

Related posts

നെല്ല് സംഭരണം: വില വിതരണം പുരോഗമിക്കുന്നു

Aswathi Kottiyoor

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മ്മിച്ച ഹ്രസ്വ ചിത്രങ്ങള്‍ പുറത്തിറക്കി

Aswathi Kottiyoor

കെഎസ്‌ഇബി ഹിതപരിശോധന പൂർത്തിയായി ; വോട്ടെണ്ണൽ നാളെ

Aswathi Kottiyoor
WordPress Image Lightbox