ഇരിട്ടി: 5. 66 കോടി രൂപ ചിലവിൽ പഴശ്ശി പദ്ധതി പ്രദേശത്തെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ടൂറിസം വകുപ്പ് നടപ്പാക്കുന്ന പടിയൂർ – പഴശ്ശി ഇക്കോ ടൂറിസം പ്ലാനറ്റിന്റെ ആദ്യഘട്ടപ്രവർത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആറുമാസത്തിനുള്ളിൽ പൂർത്തിയാകും വിധമാണ് ഇപ്പോൾ പ്രവർത്തികൾ നടക്കുന്നത്. പടിയൂരിൽ നടക്കുന്ന പ്രവർത്തികളുടെ അവലോകനം കെ .കെ. ശൈലജ എം എൽ എ യുടെ നേതൃത്വത്തിൽ വിലയിരുത്തി. 1300 മീറ്റർ റോഡ് നിർമ്മാണം, പാർക്ക്, റസ്റ്റോറൻറ് , പ്രകൃതി സൗഹൃദ വനവൽക്കരണം എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. പദ്ധതി പ്രദേശവും സ്വകാര്യ ഭൂമിയും ഉപയോഗപ്പെടുത്തി ഒൻമ്പത് മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന്റെ മൺപണികളും കലുങ്ക് നിർമ്മാണവും അന്തിമഘട്ടത്തിലാണ്. സംഭരണി തീരത്ത് വലിയ കോൺക്രീറ്റ് മതിലും പൂർത്തീകരിച്ചു .
ടൂറിസം മന്ത്രി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ കാരവൻ പാർക്ക് പദ്ധതിക്കുള്ള എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കാനും തീരുമാനിച്ചു. ഒന്നര ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന കാരവൻ പാർക്കിനൊപ്പം ബോട്ട് സർവീസ്, ഫ്േളാട്ടിംഗ് ബ്രിഡ്ജ് എന്നെയും ഉൾപ്പെടുത്തിയുള്ള രണ്ടാം ഘട്ട വികസന പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ തയ്യാറാക്കും. ഒന്നാംഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാം ഘട്ടം പ്രവ്യത്തി ആരംഭിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് കെ.കെ. ശൈലജ എം എൽ എ പറഞ്ഞു. ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതികൾ പഴശ്ശി ജലാശയത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ വെള്ളം മലിനമാകാതിരിക്കാൻ സോളാർ, വാതക ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ ആണ് ഉല്ലാസയാത്രയ്ക്ക് ഉപയോഗപ്പെടുത്തുക. വിവിധ ഘട്ടങ്ങളിലായി പദ്ധതി പ്രദേശത്തെ തുരുത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോപ്പ് വേ ഉൾപ്പെടെയുള്ള വൻ ടൂറിസം വികസന പദ്ധതികളാണ് ഇക്കോ പ്ലാനറ്റിലൂടെ ലക്ഷ്യപ്പെടുന്നത്. കെ. കെ. ശൈലജക്കൊപ്പം പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, എം. ഷിനോജ്, സി. രമേശൻ, കരാറുകാരൻ ആർ.വി. ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
previous post