എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലും (കെടിയു) ആര്‍ത്തവാവധി അനുവദിച്ചു. സർവകലാശാലയ്ക്കു കീഴിലെ എല്ലാ കോളജുകളിലും ആര്‍ത്തവാവധി അനുവദിക്കും. ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം.
ഏകകണ്ഠമായാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കഴിഞ്ഞ ദിവസം ചരിത്ര തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെടിയുവിലും ആര്‍ത്തവാവധി.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സർവകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഇന്നലെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണു സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നത്.
എസ്എഫ്ഐ നേതൃത്വം നൽകുന്ന വിദ്യാർഥി യൂണിയന്റെ ആവശ്യപ്രകാരമാണു കുസാറ്റിൽ ആർത്തവാവധി നൽകാൻ തീരുമാനിച്ചത്. ആർത്തവസമയത്ത് വിദ്യാർഥിനികൾ അനുഭവിക്കുന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണു തീരുമാനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നത്.
വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നത്. ഇത് മറ്റു സർവകലാശാലക ളിലും നടപ്പാക്കുന്നത് വിദ്യാർഥിനികൾക്ക് വലിയ ആശ്വാസമായിരിക്കും – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.