സ്വതന്ത്ര കമ്പനിയായി പ്രവർത്തിക്കുന്ന കെ-സ്വിഫ്റ്റ് നടത്തുന്ന ബസ് സർവീസുകളുടെ അപകട നിരക്ക് അമ്പതു ശതമാനത്തിലേറെ. ആകെയുള്ള 141 ബസുകളിൽ 69 ബസുകളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്.
കെ-സ്വിഫ്റ്റിന്റെ ദീർഘദൂര ആഡംബര സർവീസുകളാണു ചെറുതും വലുതുമായ അപകടങ്ങൾ വരുത്തിയിട്ടുള്ളത്. അപകടത്തിൽപ്പെട്ട ബസുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടെന്നും, ജീവനക്കാരിൽനിന്നു നഷ്ടം ഈടാക്കുന്നുണ്ടെന്നും ചിറയിൻകീഴ് സ്വദേശി ബിജീഷ് കുമാറിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
516 ജീവനക്കാരുള്ള കെ-സ്വിഫ്റ്റിൽ ബസ്, ജീവനക്കാർ അനുപാതം 3.58 ആണ്. അശ്രദ്ധമായി ബസ് ഓടിച്ച് അപകടമുണ്ടാക്കിയതിനും മദ്യപിച്ച് ബസ് ഓടിച്ചതിനും അഞ്ച് ഡ്രൈവർ കം കണ്ടക്ടർമാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവർ ജോലിക്കു കയറിയപ്പോൾ കരുതൽ തുകയായി 30,000 രൂപ അടച്ചിരുന്നു. പിരിച്ചുവിട്ട ജീവനക്കാർക്ക് ഈ തുക തിരിച്ചു നല്കില്ല.
കെ-സ്വിഫ്റ്റ് നിലവിൽ 69 സർവീസുകളാണു നടത്തുന്നത്. ഇതിൽ ഗൗരവമായ 69 അപകടങ്ങളുമുണ്ടായിട്ടുണ്ട്. നിസാരമായ അപകടങ്ങൾ ഉൾപ്പെടെ 91 അപകടങ്ങൾ എന്നാണു കണക്ക്. കെ-സ്വിഫ്റ്റിന്റെ ഉദ്ഘാടന സർവീസ്തന്നെ കല്ലമ്പലത്ത് അപകടത്തിൽപ്പെട്ടിരുന്നു. സൈഡ് ഗ്ലാസ് മാത്രം തകർന്ന ഇത്തരം അപകടങ്ങൾ നിസാര അപകടങ്ങളുടെ പട്ടികയിലാണ്.
141 ബസുകൾ ഉണ്ടെങ്കിലും 69 സർവീസുകളാണ് ഇപ്പോൾ നടത്തുന്നത്. രാത്രികാല സർവീസുകളും വിശ്രമമില്ലാത്ത ജോലിയും പരിചയ സമ്പത്തില്ലാത്തതുമാണ് അപകടകാരണമായി കണക്കാക്കുന്നത്.