വന്യജീവികളുടെ ആവാസ വ്യവസ്ഥ പുനരുജ്ജീവിപ്പിച്ചാലേ ഇവ കാടിറങ്ങുന്നത് തടയാനാവൂവെന്ന് റിട്ട. വനം ചീഫ് കൺസർവേറ്റർ കെ വി ഉത്തമൻ. ഭക്ഷണം ഉറപ്പുവരുത്തിയാൽ കടുവയും ആനയും കാടിറങ്ങുന്നത് കുറയ്ക്കാം. നല്ല പുല്ലും വെള്ളവും ലഭിച്ചാൽ മാനും കാട്ടുപോത്തും നാട്ടിലേക്കിറങ്ങില്ല. ഈ ആവാസവ്യസ്ഥയിൽ കടുവയും നിൽക്കും. ഇതിന് വനത്തെ പരിപോഷിപ്പിക്കണമെന്നും അദ്ദേഹം ‘ദേശാഭിമാനി’യോട് പറഞ്ഞു.
വയനാട്ടിൽ കടുവയുടെ എണ്ണം വർധിച്ചുവെന്ന് പറയാനാവില്ല. നാഗർഹോള, മുതുമല, ബന്ദിപ്പുർ തുടങ്ങി വിസ്‌തൃത വനമേഖലയുടെ ഭാഗമാണ് വയനാടും. മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാതിരിക്കുമ്പോൾ ഇവ കാടിറങ്ങും.വേട്ടയാടാനുള്ള ശേഷി നഷ്ടപ്പെട്ടവയും നാട്ടിലേക്കെത്തും. ഈ കാടിറക്കം എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സിസിടിവിയിലൂടെ നമ്മൾ അത് കാണുന്നുവെന്നുമാത്രം.
മഞ്ഞക്കൊന്ന നശിപ്പിക്കണം
മഞ്ഞക്കൊന്നയടക്കമുള്ള അഞ്ചിനം വിദേശ സസ്യങ്ങൾ പിഴുതുമാറ്റി തദ്ദേശീയ വൃക്ഷം നട്ടുപിടിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. വയനാട്ടിൽ 6000 ഹെക്ടറിൽ വിദേശസസ്യങ്ങളുണ്ട്. തോൽപെട്ടി, മുത്തങ്ങ ഭാഗങ്ങളിൽ ഇത് കൂടുതലാണ്. ഇവിടെ തദ്ദേശീയ ചെടികളും മരങ്ങളും വളരില്ല. ഇതോടെ സസ്യഭുക്കുകളായ വന്യമൃഗം കുറയും. ഇത് കടുവകളടക്കമുള്ളവ കാടിറങ്ങാൻ ഒരു കാരണമാണ്. ആഗോളതാപനം ആവാസവ്യസ്ഥയെ ബാധിച്ചിട്ടുണ്ട്. വനത്തിലെ ചതുപ്പുകൾ ഇല്ലാതായി. ഇവ പുനരുജ്ജീവിപ്പിക്കണം.
കാടിറങ്ങുന്നവയ്‌ക്ക് പിന്നാലെ ജനം തടിച്ചുകൂടുന്നത് അവയെ കൂടുതൽ അപകടകാരികളാക്കും. മനുഷ്യനെ കണ്ടാൽ മാറിപ്പോകുന്നവയാണ് കടുവകൾ. വിശന്ന് ഇരതേടുമ്പോൾ മുന്നിൽപെട്ടാൽ ഉപദ്രവിക്കും. മനുഷ്യൻമാത്രം ജീവിച്ചാൽ മതിയെന്ന ബോധം മാറിയേ പറ്റൂവെന്നും കെ വി ഉത്തമൻ പറഞ്ഞു.
ആവാസവ്യവസ്ഥാമാറ്റം കെഎഫ്‌ആർഐ
പഠിക്കും
വന ആവാസവ്യവസ്ഥയിലുണ്ടായ മാറ്റവും വന്യജീവി വംശവർധനയും പഠിച്ച് ശുപാർശ സമർപ്പിക്കാൻ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ (കെഎഫ്‌ആർഐ) ചുമതലപ്പെടുത്തിയതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ശുപാർശയുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുന്നത് ആലോചിക്കും.
വന്യമൃഗങ്ങളുടെ ജനനനിയന്ത്രണ നടപടി തടഞ്ഞുള്ള സ്റ്റേ ഒഴിവാക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ നേരത്തേ ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. കേരളമടക്കം 13 സംസ്ഥാനം കേസിൽ കക്ഷിയാണ്. എന്നാൽ, നടപടി മരവിച്ചിരിക്കുകയാണ്. സുപ്രീംകോടതിയിലെ സ്റ്റേ ഒഴിവാക്കിയാൽ മാത്രമേ ശാസ്ത്രീയ നടപടി സ്വീകരിക്കാനാകൂ. ഇതിനുള്ള അപേക്ഷ സമർപ്പിക്കാനാണ് ശ്രമിക്കുന്നത്. സമരമല്ല സഹകരണമാണ് ഇക്കാര്യത്തിൽ ആവശ്യം. പരിഹാരമാർഗങ്ങൾ കണ്ടെത്തുകയാണ് പ്രധാനം. ആഫ്രിക്കയിൽ വന്യജീവി ജനനനിയന്ത്രണം നടപ്പാക്കിയിട്ടുണ്ട്. വന്യജീവി വംശവർധന തടയുന്നതിന് നിയമപരമായ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കും. ജനസാന്ദ്രത ഏറിയ പ്രദേശമായതിനാൽ കേരളത്തെ മാത്രമാണ് ഇത്തരം പ്രശ്നം ബാധിക്കുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ തിങ്കൾ രാവിലെ 9.30ന് വയനാട്ടിൽ സർവകക്ഷിയോഗം ചേരും. വന്യമൃഗശല്യം പരിഹരിക്കാനുള്ള നിർദേശം യോഗത്തിൽ ഉയർന്നാൽ അത് നടപ്പാക്കും. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.