22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കുറവില്ല, കരുതലിനും ക്ഷേമത്തിനും ; ഞെരുക്കത്തിലും വികസന ബദൽ
Kerala

കുറവില്ല, കരുതലിനും ക്ഷേമത്തിനും ; ഞെരുക്കത്തിലും വികസന ബദൽ

കടുത്ത സാമ്പത്തിക ഞെരുക്കത്തിലും സംസ്ഥാനത്ത്‌ സാമൂഹ്യസുരക്ഷ–-ക്ഷേമ പ്രവർത്തനങ്ങൾക്ക്‌ കുറവില്ല. എല്ലാവർക്കും പെൻഷനും പൊതു ആരോഗ്യ ചികിത്സാ സഹായങ്ങളും ഉറപ്പ്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കടക്കമുള്ള ധനസഹായങ്ങളും കൃത്യമായി ലഭിക്കുന്നു. കെഎസ്‌ആർടിസിക്ക്‌ ഉൾപ്പെടെ വലിയ സഹായംനൽകുന്നു.

പെൻഷൻ കമ്പനിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കിടയിലും 60 ലക്ഷത്തിലധികം പേർക്ക്‌ മാസപെൻഷൻ 1600 രൂപ മുടങ്ങാതെ കിട്ടുന്നു. 42 ലക്ഷം കുടുംബത്തിന്‌ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്‌പ്‌)യിൽ ചികിത്സ ഉറപ്പാക്കി. ഈമാസം 200 കോടി നൽകിയതോടെ ആകെ അനുവദിച്ചത്‌ 800 കോടിയായി. കഴിഞ്ഞവർഷം 1400 കോടി നൽകിയിരുന്നു. കാരുണ്യ ബെനവലന്റ്‌ സ്‌കീമിൽ മൂന്നുലക്ഷം കുടുംബത്തിന്‌ രണ്ടുലക്ഷം രൂപവരെ സൗജന്യ ചികിത്സയുണ്ട്‌. കൃഷി, വ്യവസായം, ടൂറിസം മേഖലകളിലും ശക്തമായി ഇടപെടുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുആവശ്യ ഫണ്ട്‌ 1849 കോടിയിൽ 1377 കോടിയും കൈമാറി. ഡിസംബറിൽ 152 കോടി അനുവദിച്ചു. 3006 കോടിയുടെ സംരക്ഷണ ഫണ്ടിൽ മൂന്നാംഗഡു 1046 കോടിയും നൽകി. കെഎസ്‌ആർടിസിക്ക്‌ കഴിഞ്ഞ ആഴ്‌ചയിൽ 121 കോടികൂടി അനുവദിച്ചു. മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികൾക്ക്‌ 400 ഫ്‌ളാറ്റ്‌ നിർമിക്കാൻ 81 കോടി നൽകി. കേന്ദ്രം വിൽക്കാൻവച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌ ലിമിറ്റഡ്‌ ഏറ്റെടുത്ത്‌ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌ ആക്കി പ്രവർത്തിപ്പിക്കാൻ 272 കോടി നൽകി.

20 ലക്ഷം അഭ്യസ്‌തവിദ്യർക്ക്‌ തൊഴിലുറപ്പാക്കൽ ദൗത്യം മുന്നേറുന്നു. ഇതിന്‌ തുടങ്ങിയ ഡിജിറ്റൽ വർക്ക്ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റത്തിൽ മൂന്നുലക്ഷത്തിലധികംപേർ രജിസ്റ്റർ ചെയ്‌തു. നാലായിരത്തിലധികം സ്‌റ്റാർട്ടപ്പുകൾ ആരംഭിച്ചു. ഇവയ്‌ക്ക്‌ ഇന്നൊവേഷൻ ഗ്രാന്റും സീഡ്‌, ഇക്വിറ്റി ഫണ്ടുകളും ഉറപ്പാക്കുന്നു. സംരംഭക വർഷം പദ്ധതിയിൽ ഒരുലക്ഷത്തിലേറെ തൊഴിലവസരം സൃഷ്ടിച്ചു. കഴിഞ്ഞവർഷം നവംബർവരെ 37,840 പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശയായി. ബയോടെക്‌നോളജി, നാനോടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ മേഖലയിൽ നിക്ഷേപ സാധ്യതകൾ തുറക്കുന്നു. 420 പുതിയ കാർഷിക ടൂറിസം യൂണിറ്റ്‌ തുറന്നു. 22,000 കർഷകർക്ക്‌ പരിശീലനം നൽകി. ഒക്ടോബർവരെ ലൈഫ്‌ മിഷനിൽ 3,13,455 വീട്‌ നിർമിച്ചു. കഴിഞ്ഞവർഷം 1,20,000 കുട്ടികൾ പുതുതായി സർക്കാർ–-എയ്‌ഡഡ്‌ വിദ്യാലയങ്ങളിലേക്കെത്തിയത്‌ മുന്നേറ്റ സൂചകമായി.

Related posts

അഗതികൾക്കുള്ള റേഷനും ക്ഷേമപെൻഷനും നിർത്തലാക്കി

Aswathi Kottiyoor

ആധാർ പാൻ ബന്ധിപ്പിക്കലിന്‌ 10 ദിവസംമാത്രം , വലഞ്ഞ് 
ജനം; സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor

തേക്കടി-കൊച്ചി സംസ്ഥാന പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

Aswathi Kottiyoor
WordPress Image Lightbox