വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യ പ്രതിരോധത്തിന് മാസ്റ്റർ പ്ലാൻ വരുന്നു. കടുവാ ആക്രമണത്തിൻ്റെ പശ്ചാതലത്തിൽ കലക്ട്രേറ്റിൽ വനം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. അടിയന്തര നടപടികൾ വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. മൂന്ന് തരമായി തിരിച്ച് തീരുമാനം നടപ്പാക്കുമെന്ന് യോഗം ശേഷം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
വയനാട് ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം നേരിടാൻ വിവിധ തലങ്ങളിലുള്ള ഇടപെടൽ വേണമെന്നാണ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗത്തിൽ പൊതുവെ ആവശ്യമുയർന്നത്. ജനുവരി 31 – നകം വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ നോഡൽ ഓഫീസർ ദീപയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വനത്തിനുള്ളിൽ മൃഗങ്ങൾക്ക് തീറ്റയില്ലാതാക്കിയ മഞ്ഞക്കൊന്ന പിഴുത് മാറ്റും.ഇതിനായി 46 കോടി അനുവദിച്ചിട്ടുണ്ട്. ടെൻഡർ പൂർത്തിയായാൽ ജോലി ആരംഭിക്കും.
യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അയൽ സംസ്ഥാനങ്ങളിലെ വനമേഖലയിൽ നിന്ന് കേരളത്തിലെ വനമേഖലകളിലേക്ക് എത്തുന്നത് തടയാൻ മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്തമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കും. വന്യമൃഗങ്ങളുടെ ജനന നിയന്ത്രണത്തിന് പ്രായോഗിക നടപടികൾ കണ്ടെത്താൻ പഠനം നടത്തും. പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന കാര്യങ്ങൾ വനം വകുപ്പ് ഇടക്കിടെ വിലയിരുത്തും.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നഷ്ട പരിഹാര തുക വർദ്ധിപ്പിക്കുന്നതിന് ഇന്നത്തെ യോഗത്തിൻ്റേതായി ശുപാർശ മുഖ്യമന്ത്രിക്ക് സമർപ്പിക്കാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.യോഗം പ്രഹസന്മാ ണന്ന് ആരോപിച്ച് സർവ്വകക്ഷി യോഗം ബി.ജെ.പി. ബഹിഷ്കരിച്ചു; എം.എൽ.എൽ.എ.മാരും മറ്റ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പോലീസുദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.