സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരുടെ ആനുകൂല്യങ്ങളിലും കെ.എസ്.ആർ.ടി.സി കുറവ് വരുത്തി. വകുപ്പിന് കീഴിലെ യാത്ര പെട്രോൾ പമ്പുകളിൽ സെയിൽസ് അസിസ്റ്റന്‍റായി ജോലി ചെയ്യുന്നവരുടെ വേതനം വെട്ടിക്കുറച്ചു. കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഇവർക്ക് 715 രൂപയായിരുന്നു പ്രതിദിന വേതനം.
എന്നാൽ, ഇത് 500 രൂപയായി പുനർനിർണയിച്ചതായും ഇതാണ് നൽകേണ്ടതെന്നും കഴിഞ്ഞ 11ന് കെ.എസ്.ആർ.ടി.സി ചീഫ് അക്കൗണ്ട്സ് ഓഫിസർ ഇറക്കിയ സർക്കുലറിൽ പറയുന്നു. ഇത് കെ.എസ്.ആർ.ടി.സിയുടെ ഫ്യൂവൽ ഔട്ട്ലറ്റുകളിൽ തൊഴിലെടുക്കുന്ന നൂറുകണക്കിന് താൽക്കാലിക ജീവനക്കാർക്ക് തിരിച്ചടിയായി.
ഇതിന് പുറമെ, ദീർഘദൂര ബസുകളിലെ ജീവനക്കാർക്ക് നൽകിയിരുന്ന ഇൻസെന്‍റിവ് ബത്ത അക്കൗണ്ട് വഴിയാക്കി. നേരത്തേ ഇത് ട്രിപ്പുകൾ അവസാനിക്കുമ്പോൾ ജീവനക്കാരുടെ കൈകളിൽ നേരിട്ട് നൽകുകയായിരുന്നു. ഓരോ ട്രിപ്പിനും 150 മുതൽ 200 രൂപ വരെയാണ് ഇത്തരത്തിൽ നൽകിയിരുന്നത്. കാലങ്ങളായി ഡ്രൈവർക്കും കണ്ടക്ടർക്കും ലഭിച്ചിരുന്നതാണ് ഈ ആനുകൂല്യം. ഡിസംബർ മുതലാണ് അക്കൗണ്ട് വഴിയാക്കിയത്. നിലവിൽ ജീവനക്കാർക്ക് ഡ്യൂട്ടി പോകുന്ന ദിവസങ്ങളിൽ അവരുടെ ചെലവുകൾക്ക് കൈയിൽ ലഭിച്ചിരുന്ന ഈ തുക ആശ്വാസമായിരുന്നു.
ശമ്പളം വൈകുന്ന ഘട്ടങ്ങളിൽ പ്രത്യേകിച്ചും. ദിവസേന കലക്ഷൻ അടക്കുന്ന സമയത്ത് കലക്ഷനിൽനിന്ന് ഈ തുക കുറച്ചാണ് അടച്ചിരുന്നത്. നൈറ്റ് അലവൻസ്, ലേ ഓവർ, സ്റ്റേ അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പരിമിതപ്പെടുത്താനുള്ള അണിയറ നീക്കം നടക്കുന്നതായി ജീവനക്കാർ ആരോപിക്കുന്നുണ്ട്. ജീവനക്കാർ അവരുടെ ഡ്യൂട്ടി കോർപറേഷന് നൽകി കുറഞ്ഞ തുക വാങ്ങിയിരുന്നത് ശമ്പളം ലഭിക്കാത്ത സമയങ്ങളിൽ ഓവർ ടൈം എടുത്താണ് സറണ്ടർ ചെയ്യുന്നത്.
ഓവർടൈമിന് നിയമ പ്രകാരം ഇരട്ടി ശമ്പളത്തിന് അർഹതയുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി നിശ്ചയിക്കുന്ന ഒരു തുക മാത്രമാണ് നൽകുന്നത്. ഇതും ബാങ്ക് വഴിയാക്കാൻ തീരുമാനമായി. ഇത് ജീവനക്കാരെ കൂടുതൽ പ്രാരാബ്ധത്തിലേക്ക് തള്ളിവിടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.