മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിൽ കഴിഞ്ഞ വർഷംമാത്രം ആത്മഹത്യ ചെയ്‌തത് 1023 കർഷകർ. 2021ൽ 887 കർഷകരാണ് ജീവനൊടുക്കിയത്. ഡിവിഷണൽ കമീഷണർ ഓഫീസാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.
മഹാരാഷ്‌ട്രയിലെ ജൽന, ഔറംഗാബാദ്, പർഭാനി, ഹിൻഗോലി, നന്ദേഡ്, ലാത്തൂർ, ഒസ്മാനാബാദ്, ബീഡ് ജില്ലകൾ ഉൾപ്പെടുന്ന മേഖലയാണിത്. 2001ൽ ഇവിടെ ഒരു കർഷക ആത്മഹത്യ ആൺ് റിപ്പോർട്ട് ചെയ്‌തത്. 2001മുതൽ ഇതുവരെ ആകെ 10,431 കർഷകർ ജീവനൊടുക്കി. 2015ലാണ് ഏറ്റവും കൂടുതൽ കർഷകർ ജീവിതമവസാനിപ്പിച്ചത്–- 1133-. രണ്ട് പതിറ്റാണ്ടിനിടെ പതിനായിരത്തിലേറെ കർഷകർ ജീവനൊടുക്കിയപ്പോൾ സർക്കാർ സഹായം ലഭിച്ചത് 7605 പേരുടെ കുടുംബങ്ങൾക്ക് മാത്രമാണ്. കാലാവസ്ഥാവ്യതിയാനംമൂലം വിളനാശമുണ്ടാകുന്നതും സർക്കാർ സഹായങ്ങൾ കർഷകരിലെത്താത്തതുമാണ് ആത്മഹത്യാ വർധനയ്‌ക്ക് കാരണം. ജലസേചനസൗകര്യങ്ങളും കർഷകരിൽ എത്തുന്നില്ല.