ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ടു രണ്ടാം പിണറായി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പദ്ധതി നടപ്പാക്കിയ ശേഷം ഇതുവരെ ഖജനാവിലേക്ക് എത്തിയത് 200 കോടിയോളം രൂപ. നേരിട്ടു ലഭിച്ച (ഓഫ് ലൈൻ) 2.04 ലക്ഷം അപേക്ഷകൾ തീർപ്പാക്കിയതു വഴിയാണ് 200 കോടിയോളം രൂപ സർക്കാരിലെത്തിയത്. ഗുരുതര സാന്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിന് ഇതു പിടിവള്ളിയുമായി.
ഇനി ഓണ്‍ലൈനായി ലഭിച്ച 1.92 ലക്ഷം ഭൂമി തരംമാറ്റ അപേക്ഷകളിൽ തീർപ്പാക്കാനായി പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കുന്നതിനുള്ള നടപടികൾ റവന്യു വകുപ്പു തുടങ്ങി. ഭൂമി തരം മാറ്റത്തിനുള്ള 1.92 ലക്ഷം ഓണ്‍ലൈൻ അപേക്ഷകളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുന്നതിനുള്ള കർമ പദ്ധതി തയാറാക്കാൻ സബ് കളക്ടർമാരുടെയും ആർഡിഒമാരുടെയും ശിൽപശാല സംഘടിപ്പിക്കും. ശിൽപശാലയിൽ ഉയർന്നു വരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും രൂപരേഖ തയാറാക്കുക.
നേരത്തേ ഭൂമിയുടെ പട്ടയ വിതരണം വേഗത്തിലാക്കാനുള്ള പദ്ധതി തയാറാക്കാൻ ഡെപ്യൂട്ടി തഹസിൽദാർമാർ മുതൽ മുകളിലേക്കുള്ള റവന്യു ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിൽ ഉയർന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പട്ടയ വിതരണം ഊർജിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്. ഇതേ മാതൃകയാണ് ഭൂമി തരംമാറ്റക്കേസുകളിലും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്. നെൽവയൽ- തണ്ണീർത്തട തരംമാറ്റം അടക്കം 2107 ൽ തുടങ്ങിയ പദ്ധതി വഴി ഇതുവരെ 900 കോടി രൂപ സർക്കാരിലെത്തിയതായാണു കണക്കുകൾ വ്യക്തമാക്കുന്നത്.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് 1.92 ലക്ഷം അപേക്ഷകളാണ് വിവിധ ജില്ലകളിലായി ലഭിച്ചിട്ടുള്ളത്. നേരത്തേ വകുപ്പിൽ കെട്ടിക്കിടന്ന രണ്ടു ലക്ഷത്തോളം നേരിട്ടു ലഭിച്ച അപേക്ഷകളും പ്രത്യേക പദ്ധതി തയാറാക്കിയാണു തീർപ്പാക്കിയത്. ഇതിനായി താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ച 990 ക്ലർക്കുമാരെ നിയോഗിച്ചിരുന്നു. നിലവിൽ ഇവരുടെ സേവനം ആറു മാസത്തേയ്ക്കു കൂടി നീട്ടിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ അടക്കം കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നതും പരിഗണനയിലുണ്ട്. ആർഡിഒമാരാണ് നിലവിൽ ഭൂമി തരംമാറ്റ അപേക്ഷകളിൽ തീർപ്പാക്കുന്നത്. ഇവരുടെ കൂടി അഭിപ്രായങ്ങളിൽ സ്വീകരിക്കാവുന്നതു ക്രോഡീകരിച്ചാകും അന്തിമ തീരുമാനമെടുക്കുക.
മുൻപു നേരിട്ടുള്ള അപേക്ഷകൾ ഏറ്റവും കൂടുതൽ കെട്ടിക്കിടന്ന ഫോർട്ട് കൊച്ചി ആർഡി ഓഫീസിലാണ് ഓണ്‍ലൈൻ അപേക്ഷകളും ഏറ്റവുധികം കെട്ടിക്കിടക്കുന്നത്. ഇവിടെ 23,468 ഭൂമി തരംമാറ്റ അപേക്ഷകളാണു കെട്ടിക്കിടക്കുന്നത്.