സംസ്ഥാനത്ത് കെട്ടിടനിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. സിമന്റും കമ്പിയും ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വിലക്കയറ്റം നിര്‍മാണമേഖലയ്ക്കു തിരിച്ചടിയായിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ചു മേഖലയിലെ സംഘടനകള്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ച് പ്രതിഷേധിക്കാനൊരുങ്ങുകയാണ്.
നിലവില്‍ ഏഴു മുതല്‍ 10 രൂപ വരെയാണ് സാധനങ്ങള്‍ക്ക് ദിവസങ്ങള്‍ക്കിടെ വര്‍ധിച്ചിട്ടുള്ളത്. ഇതോടെ സര്‍ക്കാര്‍ നിര്‍മാണ പ്രവൃത്തികളടക്കം മന്ദഗതിയിലായി. കരിങ്കല്ല്, മെറ്റല്‍ ഇനങ്ങള്‍ക്ക് ക്ഷാമവുമുണ്ട്. ക്വാറികൾക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കരിങ്കല്ല് ലഭിക്കാനില്ലെന്ന് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു. ഇതു സാധാരണക്കാരെയടക്കം പ്രതിസന്ധിയിലാക്കി. തറ കെട്ടുന്നതിനടക്കം കോണ്ക്രീറ്റിനെയാണ് ആശ്രയിക്കുന്നത്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ നിന്നു സംസ്ഥാനത്തെ നിര്‍മാണ ജോലികള്‍ക്കാവശ്യമായ കല്ല് ലഭിക്കുന്നുമില്ല. ഉള്ളത് ക്വാറി ഉടമകള്‍ ക്രഷറുകളിലേക്കു തന്നെ മാറ്റുകയാണ്. തമിഴ്നാട്ടില്‍ നിന്നാണു സംസ്ഥാനത്തേക്ക് സിമന്റ് അടക്കം എത്തുന്നത്. കേരളത്തിലെ പ്രതിസന്ധി തമിഴ്നാട്ടിലെ കച്ചവടക്കാര്‍ മുതലെടുക്കുന്നതായും ആരോപണമുണ്ട്. ഇതിനു പുറമെ കേരളത്തില്‍ വലിയ തോതില്‍ ലോഡ് ശേഖരിച്ച് വന്‍തുകയ്ക്കു വില്‍ക്കുന്നതായും ആക്ഷേപമുണ്ട്.
മെറ്റല്‍ ഒരുമാസം മുമ്പ് 40 രൂപയായിരുന്നത് നിലവില്‍ 49 ആയി. തേപ്പ്പൊടി 53ല്‍ നിന്ന് 62 ആയും എംസാന്‍ഡ് വില 44ല്‍ നിന്ന് 53 ആയും വര്‍ധിച്ചു. വാഹന രജിസ്ട്രേഷന് സമയത്ത് കാണിക്കുന്ന കപ്പാസിറ്റിക്ക് മാത്രമാണ് ലോഡ് കയറ്റാന്‍ അനുവാദമുള്ളത്. അധികലോഡ് കയറ്റുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് പിഴ ഈടാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ എത്തുന്ന ലോഡിന്റെ അളവും കുറവാണ്. ഇതും വിലവര്‍ധനയ്ക്കു കാരണമായി കരാറുകാർ ചൂണ്ടിക്കാട്ടുന്നു.
നിയമാനുസൃതമായി തുറന്നു പ്രവര്‍ത്തിക്കാന്‍ സാഹചര്യമുള്ള ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനൊപ്പം വിലനിയന്ത്രണത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു.